പെരുവണ്ണാമൂഴി: മൂന്നു പതിറ്റാണ്ടോളമായി മുടങ്ങി കിടക്കുന്ന പൂഴിത്തോട് - പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡിന്റെ പ്രവര്‍ത്തി എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ചെമ്പനോടയില്‍ ഇന്ന് പ്രതിഷേധജ്വാല തെളിയിക്കും.

വയനാട് റോഡ് സമര സമിതി ചെമ്പനോട മേഖലയുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം 6.30 ന് ചെമ്പനോട മേലെ അങ്ങാടി കേന്ദ്രീകരിച്ചാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്. പടിഞ്ഞാറത്തറയിലും പൂഴിത്തോട്ടിലും നടന്നു വരുന്ന സമരങ്ങള്‍ക്ക് പിന്തുണയുമായാണ് ചെമ്പനോടയിലും സമര പോര്‍മുഖം തുറക്കുന്നത്.
കോഴിക്കോട് നിന്നും വയനാട്ടിലേക്ക് ചുരമില്ലാത്തതും ദൂരം കുറഞ്ഞതും ഏറ്റവും ചെലവ് കുറഞ്ഞതുമായ റോഡിന്റെ പ്രവര്‍ത്തിയാണ് പാതിവഴിയില്‍ മുടങ്ങി കിടക്കുന്നത്.
മാസങ്ങളായി പടിഞ്ഞാറത്തറയിലും, തുടര്‍ന്ന് പൂഴിത്തോട്ടിലും തുടരുന്ന സമര പരമ്പരകള്‍ക്ക് പിന്തുണയുമായി ചെമ്പനോട വില്ലേജിലേയും പരിസര പ്രദേശങ്ങളിലെയും ബഹുജനങ്ങളെ അണിനിരത്തി കൊണ്ടാണ് ചെമ്പനോട മേഖല സമരസമിതി സമരത്തിന് തുടക്കം കുറിക്കുന്നത്.
ദേശീയ പാതയുടെ വികസനത്തില്‍ കേന്ദ്ര വന നിയമങ്ങളില്‍ വന്ന മാറ്റങ്ങള്‍ ഈ റോഡിന്റെ കാര്യത്തില്‍ ഉപയോഗപ്പെടുത്തി എത്രയും വേഗം പ്രവര്‍ത്തി പുനരാരംഭിക്കാന്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നടത്തുന്ന പ്രതിഷേധ ജ്വാല സമിതി രക്ഷാധികാരി റവ. ഡോ. ജോണ്‍സണ്‍ പാഴുകുന്നേല്‍ ഉദ്ഘാടനം ചെയ്യും.
Wayanad Alternative Road: Protest flame will be demonstrated in Chembanoda today