പേരാമ്പ്ര: പേരാമ്പ്ര ടൗണ്‍ ജംഗ്ഷനില്‍ വ്യാപാരികള്‍ ദുരിതത്തില്‍. ടൗണിന്റെ ഹൃദയഭാഗത്ത് ജുമ്അ മസ്ജിദ് പരിസരത്തായി റോഡ് സൈഡിലെ ഇരുമ്പഴികളിട്ട് സ്ഥാപിച്ച അഴുക്ക് ചാലില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം അസഹനീയമായതായി പരാതി.

ടൗണ്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്കും ഇവിടെ തൊഴിലെടുക്കുന്നവര്‍ക്കും ദുര്‍ഗന്ധം കാരണം ബുദ്ധിമുട്ടുകയാണ്. മസ്ജിദില്‍ നിസ്‌കാരത്തിനെത്തുന്നവര്‍ക്കും ദുര്‍ഗന്ധ വാഹിനിയായ അഴുക്കുചാല്‍ വലിയ തോതില്‍ പ്രയാസം സൃഷ്ടിക്കുന്നതായും പറയപ്പെടുന്നു.
റോഡിന്റെയും സമീപത്തെ കെട്ടിടങ്ങളില്‍ നിന്ന് മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം തടസമില്ലാതെ അഴുക്ക് ചാലിലേക്ക് ഒലിച്ചിറങ്ങാനായാണ് ഇരുമ്പു ഗ്രില്‍സ് അഴുക്ക് ചാലിന് മുകളില്‍ സ്ഥാപിച്ചത്. ഇതിനിടയിലൂടെയാണ് ദുര്‍ഗന്ധം വ്യാപിക്കുന്നത്.
ഇതോടൊപ്പം ദുരിതമനുഭവിക്കുന്ന മറ്റൊരു ഭാഗമാണ് ടൗണിലെ ന്യൂ കോര്‍ട്ട് റോഡ്. ഈ റോഡില്‍ മഴക്കാലമായാല്‍ മലിനജലമൊഴുക്കും വേനലില്‍ കടുത്ത പൊടി ശല്യവുമാണ് പ്രയാസം സൃഷ്ടിക്കുന്നത്.
കഴിഞ്ഞ വര്‍ഷകാലത്തെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ റോഡിലെ ടാറിംഗ് ഇളകി നശിച്ച നിലയിലാണ്. ഇതോടെ സമീപത്തെ വ്യാപാരികള്‍ ദുരിതത്തിലായി.
പേരാമ്പ്ര കോടതി, പൊലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, ബിആര്‍സി, പേരാമ്പ്ര ഗവ എയുപി സ്‌കൂള്‍, സ്വകാര്യ ആശുപത്രി തുടങ്ങിയവും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയാണിത്.
The stench is unbearable; Traders in distress at Perambra town junction