പേരാമ്പ്ര : ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 20,000 രൂപമായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ പ്രഖ്യാപിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേര്‍സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തി വന്ന രാപകല്‍ സമരത്തിന്റെ ഭാഗമായി കെഎഎച്ച് ഡബ്ല്യൂഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന രാപകല്‍ സമര യാത്രയ്ക്ക് മെയ് 14 ബുധനാഴ്ച കാലത്ത് 11മണിക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.

മെയ് 5 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച സമര യാത്ര ജൂണ്‍ 17 ന് തിരുവനന്തപുരത്ത് സമാപിക്കും. രാപകല്‍ സമര യാത്രക്ക് പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് ഒരുക്കുന്ന സ്വീകരണ പരിപാടി കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ.ടി സൂപ്പി ഉദ്ഘാടനം ചെയ്യും.
ജാഥക്ക് കെഎഎച്ച് ഡബ്ല്യൂഎ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്. മിനി, കെ.പി. റോസമ്മ, ജില്ല പ്രസിഡന്റ് സി.സി. മിനി, ജില്ല സെക്രട്ടറി എ സജീന, എ ഹസീന, ശ്രീജ കണ്ടിയില്‍, കെ.കെ. ബവിത, കെ. വിമല, പി.എം. സുനിത, എം.കെ. പ്രസന്ന, കെ. സുജ, പി.കെ. പ്രസന്ന തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
രാഷ്ട്രീയ- സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും . നാടക - ഗായക സംഘം നടത്തുന്ന കലാപരിപാടികളും സ്വീകരണത്തിന്റെ ഭാഗമായി അരങ്ങേറുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം. ശ്രീധരന്‍, ജനറല്‍ കണ്‍വീനര്‍ വി. ആലീസ് മാത്യു, ഇ.പി. കുഞ്ഞബ്ദുള്ള, രേഷ്മ പൊയിലില്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
Reception in Perambra on Wednesday for the day-night protest march