കായണ്ണ : കായണ്ണയില്‍ ഹരിതം പദ്ധതിയുമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍. കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിതം 2023- സമഗ്ര കാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള അര ഏക്കര്‍ ജൈവകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് കായണ്ണയില്‍ നടന്നു.

വെണ്ട, തക്കാളി, വെള്ളരി, ചീര, വഴുതിന തുടങ്ങി പത്തിനം പച്ചക്കറികളാണ് കായണ്ണ ടൗണിനടുത്ത് വരിക്കോളി താഴ വയലില്‍ അര ഏക്കര്‍ സ്ഥലത്ത് എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കൃഷി ചെയ്യുന്നത്.
നിലമൊരുക്കല്‍, വിത്തിടല്‍, വളമിടല്‍, നനയ്ക്കല്‍ തുടങ്ങി എല്ലാ ജോലികളും വിദ്യാര്‍ത്ഥികള്‍ പ്രത്യേക ടീമുകളായി ചെയ്തു വരുന്നു. പരീക്ഷാക്കാലമായതിനാല്‍ കൃഷി നനയ്ക്കാനും മറ്റു സഹായങ്ങള്‍ക്കുമായി രക്ഷിതാക്കളും കൂടെയുണ്ട്. വിളവെടുപ്പ് ചടങ്ങ് കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി നിര്‍വ്വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ. എം.എം. സുബീഷ് പദ്ധതി വിശദീകരണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ. ഷിജു, വിനയ പുതിയോട്ടില്‍, കൃഷി ഓഫീസര്‍ അബ്ദുള്‍ മജീദ്, പഞ്ചായത്ത് സെക്രട്ടറി കെ.ടി മനോജ് കുമാര്‍, പ്രധാനധ്യാപകന്‍ കെ.വി. പ്രമോദ്, അധ്യാപകരായ സി.ബി. അലക്‌സ്, റഷീദ് പുത്തന്‍പുര, ടി.ആര്‍. ബിനോയ്, പിടിഎ അംഗങ്ങളായ ഷീന സജീവന്‍, ബീന, ലളിത, വളണ്ടിയര്‍ ലീഡര്‍മാര്‍ ഹൃദിന്‍ കൃഷ്ണ, കെ.കെ. പൂജ ലക്ഷ്മി, സി.കെ. ദേവാനന്ദ്, ആര്‍. ഗായത്രി എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ ഇ.കെ. ഷാമിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ടി. സത്യന്‍ നന്ദിയും പറഞ്ഞു.
ജനുവരി മാസത്തില്‍ ആരംഭിച്ച ജൈവപച്ചക്കറി കൃഷി ഏപ്രില്‍ ആദ്യവാരത്തോടെ പൂര്‍ണ്ണമായും വിളവെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൃഷിയോടൊപ്പം കര്‍ഷക സംഗമം, ഹരിത വിപണി, കാര്‍ഷിക സെമിനാര്‍, ശാസ്ത്രീയ കൃഷി പരിശീലനം, കാലാവസ്ഥാ സെമിനാര്‍ എന്നിവയും ഹരിതം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ ആദ്യം നടക്കും.
NSS volunteers with green project in Kayanna