പേരാമ്പ്ര: പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡിന്റെ 10 കോടി രൂപയുടെ പ്രവര്‍ത്തി പൂര്‍ത്തിയാവുകയാണ്.

പേരാമ്പ്ര പട്ടണത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ വരെ ഈ പ്രവര്‍ത്തിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ രണ്ട് കിലോമീറ്റര്‍ കൂടെ ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് മാറ്റുവാനുള്ള നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണന്ന് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.
റോഡിന്റെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വേണ്ടി അടിയന്തര അറ്റകുറ്റപണികള്‍ ആരംഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ ഈ ഭാഗവും ബിഎം & ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.
കരാറുകാരന്‍ പ്രവര്‍ത്തി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് അയാളെ ഒഴിവാക്കി പുതിയ കമ്പനിക്ക് കരാര്‍ നല്‍കിയാണ് ഈ റോഡിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് വരുന്നത്. പേരാമ്പ്രയില്‍ നിന്ന് ചക്കിട്ടപ്പാറയിലെത്തിച്ചേരാന്‍ ഏറ്റവും പ്രധാന റോഡാണിത്.
കൂത്താളി ഗ്രാമ പഞ്ചായത്തിലെ പൈതോത്ത്, താനിക്കണ്ടി, വിളയാട്ടു കണ്ടിമുക്ക്, വളയം കണ്ടം, കിഴക്കന്‍ പേരാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ വാഹന ഗതാഗതത്തിന് ആശ്രയിക്കുന്ന എക റോഡാണ് പൈതോത്ത് റോഡ് എന്നറിയപ്പെടുന്ന പ്രസ്തുത റോഡ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു.
കരാറുകാരന്റെ അനാസ്ഥ മൂലം നവീകരണ പ്രവര്‍ത്തി നിലക്കുകയും ചെയ്തു. നാട്ടുകാരും സംഘടനകളും പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെ പൊതുമരാമത്ത് അധികൃതരും സര്‍ക്കാരും ഇടപെട്ട് കരാറുകാരനെ മാറ്റുകയായിരുന്നു.
പേരാമ്പ്ര കൂത്താളി ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന ഈ റോഡില്‍ പൈതോത്ത് പള്ളിത്താഴ മുതല്‍ കണ്ണോത്ത് സ്‌ക്കൂള്‍ വരെയുള്ള ഭാഗത്താണ് ആദ്യ ഘട്ടത്തില്‍ ടാറിംഗ് നടത്തിയത്.
തുടര്‍ന്ന് കണ്ണോത്ത് സ്‌കൂള്‍ മുതല്‍ ചക്കിട്ടപ്പാറ റോഡ് വരെയുള്ള ബാക്കി ഭാഗവും ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കി. എന്നാല്‍ പേരാമ്പ്ര മുതല്‍ പളളിത്താഴ വരെയുള്ള ഭാഗം പ്രസ്തുത നവീകരണ പ്രവര്‍ത്തിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല.
ഈ ഭാഗം റോഡ് ടാറിംഗ് ഇളകി കുണ്ടും കുഴിയും രൂപപ്പെട്ട് വാഹന ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ക്ക് ഇതുവഴി ഓടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.
ഓട്ടോ റിക്ഷകള്‍ സര്‍വീസ് നിര്‍ത്തി വെച്ച് സമരത്തിന് തയ്യാറെടുക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ഈ ഭാഗവും ബിഎം & ബിസിയില്‍ ടാറിംഗ് നടത്തുമെന്ന് എംഎല്‍എ അറിയിച്ചത്.
Perambra-Thanikandi-Chakkittapara road work is being completed