ബാലുശ്ശേരി: കളഞ്ഞു കിട്ടിയ വലിയ തുക ഉടമസ്ഥനു കൈമാറണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ മൂന്ന് ചെറുപ്പക്കാരുടെ സത്യസന്ധതയെ കുറിച്ച് ബാലുശ്ശേരി അസി. സബ് ഇന്‍സ്പെക്ടറുടെ പോസ്റ്റ് ശ്രദ്ധേയമാകുന്നു.

തിന്മയുടെ കഴുകന്‍മാര്‍ റോന്ത് ചുറ്റുന്ന ന്യൂ ജെന്‍ തലമുറയിലും സത്യസന്ധതയും ആത്മാര്‍ത്ഥയും ഉള്ള ചെറുപ്പക്കാര്‍ ഉണ്ട് എന്ന് വളരെ അധികം അഭിമാനത്തോടെയും സന്തോഷത്തോടെയും പറയാന്‍ കഴിയും എന്ന അസി സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് പുതുശ്ശേരിയുടെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
റോഡില്‍ നിന്നും കിട്ടിയ വലിയ തുകയടങ്ങിയ കവര്‍ ഉടമസ്ഥന് കൈമാറണമെന്ന് ആവശ്യവുമായി ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിയ പറമ്പിന്റെ മുകള്‍ സ്വദേശികളായ കണിയാന്‍ കണ്ടി അഭിനന്ദ്, മൈകുളങ്ങര അതുല്‍, തൊടുവക്കണ്ടി അഭിരാം ഗിരീഷ് എന്നിവരാണ് ആ നല്ല മനസ്സിന് ഉടമകള്‍.
യുവത്വം വഴിമാറി പോകുമ്പോഴും നല്ല പാതയിലേക്ക് നയിക്കപ്പെടുന്നവര്‍ പുതു തലമുറക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന സന്തോഷവും വരികള്‍ക്കിടയിലുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം നന്മകള്‍കള്‍ക്ക് നിറം കുറയുകയും തിന്മകള്‍ക്ക് നിറയെ വര്‍ണ്ണങ്ങളുണ്ടാകുന്ന ന്യൂജെന്‍ കാലത്ത് പുതുതലമുറയെ സംബന്ധിച്ച് പലപ്പോഴും കേള്‍ക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും നമ്മുടെ മനസ്സിനേയും ചിന്തകളേയും അലോസരപ്പെടുത്തുന്നവയായിരിക്കുന്നു.
എന്നാലിതാ അതില്‍ നിന്നും തീര്‍ത്തും വിത്യസ്ഥരായ 3 ചെറുപ്പക്കാരെ ഞാനിന്ന് പരിചയപ്പെട്ടു. അവരെ പറ്റി നിങ്ങളും അറിയണം. ബാലുശ്ശേരി സ്റ്റേഷനില്‍ ഡ്യൂട്ടിയിലിരിക്കുമ്പോഴാണ് മൂന്നു പേര്‍ ഒരു കവറുമായി കടന്നു വരുന്നത്.
കാര്യം അന്വേഷിച്ചപ്പോള്‍ റോഡില്‍ നിന്നും വലിയ തുകയടങ്ങിയ ഒരു കവര്‍ കിട്ടിയിട്ടുണ്ടെന്നും അതിനകത്തുള്ള രേഖകളും പാസ്സ് ബുക്കും കണ്ടപ്പോള്‍ ഏതോ വനിതാ കൂട്ടായ്മയുടേയതാണെന്ന് തോന്നിയെന്നും അവരെ കണ്ടെത്തി ഏല്‍പ്പിക്കണമെന്നും പറഞ്ഞു.
പോകാനിറങ്ങിയ അവരെ പിടിച്ചു നിര്‍ത്തി നമുക്ക് അവരെ കണ്ടെത്തി നിങ്ങള്‍ തന്നെ അത് കൈമാറണമെന്നും നിങ്ങളെ പോലെയുള്ള ചെറുപ്പക്കാരും നാട്ടിലുണ്ടെന്ന കാര്യം അവരെ അറിയിക്കണമെന്നും ഞാന്‍ പറഞ്ഞു.
കവറിലെ പേപ്പറുകള്‍ പരതി ഉടമസ്ഥയെ കണ്ടെത്തി. അവരുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഉറപ്പിച്ച വലിയ തുക കിട്ടിയതിന്റെ സന്തോഷത്തില്‍ അപ്പുറത്തുനിന്നും ഒരു സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിലാണ് ഞാന്‍ കേട്ടത്. മിനുട്ടുകള്‍ക്കുള്ളില്‍ പണത്തിന്റെ ഉടമസ്ഥ സ്റ്റേഷനിലെത്തി മൂവര്‍ സംഘത്തിന്റെ കയ്യില്‍ നിന്നും പണവും രേഖകളുമടങ്ങിയ കവര്‍ എസ് ഐ യുടെ സാന്നിധ്യത്തില്‍ ഏറ്റു വാങ്ങി.
ബാലുശ്ശേരി പറമ്പിന്റെ മുകള്‍ സ്വദേശികളായ കണിയാന്‍ കണ്ടി അഭിനന്ദും മൈകുളങ്ങര അതുലും തൊടുവക്കണ്ടി അഭിരാം ഗിരീഷും എനിക്ക് പ്രിയപ്പെട്ടവരായത് അതുകൊണ്ടാണ്.
ചെറുപ്പത്തെ വഴിമാറ്റി സഞ്ചരിപ്പിക്കാനായി തിന്മയുടെ കഴുകന്‍മാര്‍ റോന്തു ചുറ്റുമ്പോള്‍ അവരുടെ മായക്കാഴ്ചയില്‍ പെട്ട് ഇയ്യാംപാറ്റ കണക്കെ യുവത്വം വഴിതെറ്റി എരിയുന്നത് കണ്ടു മനസ്സ് മരവിച്ചിരിക്കുമ്പോഴാണ് നന്മയുടെ പ്രതീകങ്ങളായി ഈ കൂട്ടുകാരെ എനിക്ക് കാണാനായത്.
3 youths who became symbols of honesty