കൊയിലാണ്ടി: കൊയിലാണ്ടി ഇഎംഎസ് ടൗണ്‍ഹാളില്‍ കുടുംബശ്രീ ജില്ലാമിഷന്‍ ''അരങ്ങ് 2023 ജില്ലാ കലോത്സവം സംഘടിപ്പിച്ചു.

കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നവീനമായ വികസന മാതൃകകള്‍ രൂപപ്പെടുത്തുന്നതില്‍ കുടുംബശ്രീ ലോകത്തിനാകെ വഴികാട്ടിയാവുകയാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ ആവിഷ്‌കരിച്ച ആയോധന കല പരിശീലനമായ 'ധീരം കാമ്പയിനിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സമൂഹം മാനസികമായി പരിക്ഷീണിതമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് അംഗങ്ങളുടെ മാനസികവും സര്‍ഗ്ഗപരവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വിപുലവും സംഘടിതവുമായ ഇത്തരം മേളകള്‍ അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പല സാമൂഹിക സുചികകളിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പല മടങ്ങ് മുന്നിലാണ്. ഇതില്‍ കുടുംബശ്രീ പ്രസ്ഥാനം വഹിക്കുന്ന പങ്ക് ഏറെ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.
കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലെ രണ്ട് വേദികളിലായാണ് മത്സരം നടക്കുന്നത്. സീനിയര്‍, ജൂനിയര്‍ തുടങ്ങി 50 ഇനങ്ങളിലായി 600 ഓളം കുടുംബശ്രീ അംഗങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്, വൈസ് ചെയര്‍മാന്‍ അഡ്വ കെ. സത്യന്‍, കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.കെ. അജിത്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി.സി. നിഷാദ്, ബിന്ദു ജെയ്സണ്‍, കെ.കെ. വിപിന, അംഗം സെക്രട്ടറി കെ. ഷീബ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.ടി. ബിജേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൊയിലാണ്ടി നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ എം.പി. ഇന്ദുലേഖ നന്ദിയും പറഞ്ഞു.
കലോത്സവം ഇന്ന് വൈകിട്ട് സമാപിക്കും, സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള ട്രോഫി വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിക്കും.
Kudumbashree guided the world; Minister Ahmed Devarkovil at koilandy