കൊയിലാണ്ടി : ഫയര്‍ ആന്റ് റസ്‌ക്യു ഡിപ്പാര്‍ട്ട് മെന്റില്‍ നിന്നും വിരമിക്കുന്ന കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്‍ ഫയര്‍ സ്റ്റേഷനില്‍ യാത്രയയപ്പും സുഹൃദ് സംഗമവും സംഘടിപ്പിച്ചു.

വിപുലമായ ചടങ്ങ് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍മ്മ മേഖലയെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ധന്യമാക്കിയാണ് സി.പി. ആനന്ദന്‍ പടിയിറങ്ങുന്നതെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.
ഒരേസമയം തന്റെ ഔദ്യോഗിക നിര്‍വഹണം നടത്തുന്നതിനോടൊപ്പം തന്നെ സമൂഹത്തിനോട് ഉത്തരവാദിത്വമുള്ള ഒരു വ്യക്തി എന്ന നിലയിലും സി.പി. ആനന്ദന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയിട്ടുണ്ടെന്നു എംഎല്‍എ പറഞ്ഞു.
എഎസ്ടിഒ പി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ സംഘടനകളും വ്യക്തികളും സുഹൃത്തുക്കളും സി.പി. ആനന്ദന് സ്‌നേഹോപഹാരം നല്‍കി.
27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് സംതൃപ്തമായ മനസ്സോടുകൂടി ആണ് ഇറങ്ങുന്നത് എന്നും ഈ കാലയളവില്‍ താന്‍ പങ്കെടുത്ത രക്ഷാപ്രവര്‍ത്തനങ്ങളെ പറ്റിയും സഹപ്രവര്‍ത്തകരെ പറ്റിയും മറക്കാന്‍ പറ്റാത്ത അനുഭവങ്ങളെ പറ്റിയും സി.പി. ആനന്ദന്‍ സംസാരിച്ചു.
മുന്‍കാലങ്ങളില്‍ അനുഭവിച്ച തിക്തമായ ജീവിത അനുഭവങ്ങളാണ് ഔദ്യോഗിക ജീവിതത്തില്‍ തന്നെ കരുത്തനായ സേനാംഗം ആക്കി മാറ്റിയത് എന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ജീവിതത്തിന് ശേഷവും തന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മാറ്റി വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ഡിഒ, തഹസില്‍ദാര്‍, റീജനല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, മറ്റു ഫയര്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍, മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍, പൊതുജനങ്ങള്‍, സുഹൃത്തുക്കള്‍, വ്യാപാരികള്‍, മാധ്യമ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഉള്ള ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ എഎസ്ടിഒ പ്രദീപ് നന്ദി പറഞ്ഞു.
Farewell and friendship gathering organized at Koyilandi Fire Station