ആവള: ആവള ടി ഗ്രന്ഥാലയം മഠത്തില്‍ മുക്ക് വയോജന വേദിയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി വിനോദ യാത്ര സംഘടിപ്പിച്ചു. 'മധുരമീ സായാഹ്നം' എന്ന പേരില്‍ സംഘടിപ്പിച്ച യാത്രയില്‍ വായനശാലാ പരിസരത്തെ നാല്‍പതോളം പേര്‍ പങ്കെടുത്തു. കുറ്റ്യാടിപ്പുഴയോട് ചേര്‍ന്ന വേളം പെരുവയലിലെ എംഎം അഗ്രി പാര്‍ക്കിലേക്കായിരുന്നു യാത്ര.

പലവിധ തിരക്കുകളുടെയും മാനസിക പിരി മുറുക്കങ്ങളുടെയും ഇടയില്‍ വീടകങ്ങളില്‍ ഒതുങ്ങിക്കഴിയുന്നവരെ ആനന്ദ തീരത്തെത്തിച്ച് എല്ലാം മറന്ന് ഉല്ലസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. വയോ ജനങ്ങള്‍ക്കൊപ്പം കലാ പരിപാടിയൊരുക്കി വായനശാലാ ഭാരവാഹികളും കൂടെ ചേര്‍ന്നു.
പാട്ടു പാടിയും നൃത്തം ചെയ്തും ഊഞ്ഞാലാടിയും തങ്ങളുടെ പ്രായത്തെ പരിഗണിക്കാതെ വയോജനങ്ങള്‍ ഒന്നടങ്കം വിനോദ യാത്ര മധുരതരമാക്കി തീര്‍ത്തു. ആര്‍.കെ മഠം, നബീസ അശാരികണ്ടി, പാത്തുമ്മ തറവട്ടത്ത്, ടി.വി ജാനകി, ലക്ഷ്മി പമ്പത്ത്, ടി.വി കുമാരന്‍, കെ.എം ഷീബ, ഗിരിജ ചോല എന്നിവര്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.
വായനശാല ഭാരവാഹികളായ സി.കെ ശ്രീധരന്‍, എ.എം രാജന്‍, കെ.കെ ചന്ദ്രന്‍, പി.എം ദിനേശന്‍, കെ സിന്ധു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
trip organized for elderly people named Maduramee sahyanam