നന്തി ബസാര്‍: വീരവഞ്ചേരി എല്‍പി സ്‌കൂളില്‍ ഇനി ജൈവ പച്ചക്കറി മാത്രം. സ്‌കൂളില്‍ ജൈവ പച്ചക്കറികൃഷി ആരംഭവും ജീവാണുവള നിര്‍മ്മാണ പരിശീലനവും നടന്നു. വീരവഞ്ചേരി മഹിളാ കിസാന്‍ സ്വശാക്തീകരണ്‍ പര്യോജന കോഴിക്കോട് നോര്‍ത്ത് ഫെഡറേഷന്‍, പന്തലായനി ബ്ലോക്കിന്റെ നേതൃത്വത്തിലാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജൈവ കൃഷി വ്യാപനവും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ജീവാണുവള നിര്‍മാണ പരിശീലനവും നടത്തിയത്.

വീരവഞ്ചേരി എല്‍പി സ്‌കൂളില്‍ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് യു.ടി.കെ. രാഹിത അധ്യക്ഷത വഹിച്ചു. കെ. ജീവാനന്ദന്‍, വി.കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോ. ഓഡിനേറ്റര്‍ ദീപ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ക്ലാസെടുത്തു. വിവിധതരം കൃഷിരീതികള്‍, പച്ചക്കറി കൃഷി പരിപാലനം വളങ്ങള്‍, കീടങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ ക്ലാസ് സഹായകരമായി.
കാര്‍ഷിക രംഗത്ത് പലതവണ വിവിധ അവാര്‍ഡുകള്‍ക്ക് അഹരായ വീരവഞ്ചേരി എല്‍പി സ്‌കൂളില്‍ ഓണമാവുമ്പോഴേക്കും വിളവെടുക്കുന്ന തരത്തില്‍ 40 ചട്ടികളും മഴക്കാല പച്ചക്കറി തൈകളും ജീവാണുവളവും ചകിരിച്ചോറും ബ്ലോക്ക് പഞ്ചായത്ത് നല്‍കിയിട്ടുണ്ട്. പ്രധാന അധ്യാപിക കെ. ഗീത കുതിരോടി സ്വാഗതവും കെ.വി. സ്വരൂപ് നന്ദിയും പറഞ്ഞു.
true vision koyilandy veeravanchery LP School will now grow organic vegetables; Promotion of organic farming and training in biofertilizer production for women was conducted