കടിയങ്ങാട് : റോഡിന്റെ ശോച്യാവസ്ഥക്കെതിരെ വാഴ നട്ട് പ്രതിഷേധം. കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കടിയങ്ങാട് അങ്ങാടിയിലാണ് അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനായ് ഈ പ്രതിഷേധം. റോഡിന്റെ ഇരുവശവും ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പ് ഇടുന്നതിനായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വലിയ കാനകള്‍ എടുത്തിരുന്നു. റോഡിന്റെ ടാറിംഗ് പോലും തകര്‍ത്തായിരുന്നു പൈപ്പിടല്‍ നടത്തിയത്. ഇത്തരം കാനകള്‍ ശരിയാംവണ്ണം നികത്താത്തതാണ് മഴക്കാലമായതോടെ റോഡുകളില്‍ വന്‍ കുഴികള്‍ രൂപപ്പെടാന്‍ കാരണമായത്. പേരിന് സംസ്ഥാന പാതയാണെങ്കിലും ഗ്രാമീണ റോഡിന്റെ വീതി പോലുമില്ലാത്ത വളരെ ഇടുങ്ങിയ അങ്ങാടിയാണ് കടിയങ്ങാട്. എതിര്‍ ദിശയില്‍ നിന്നും വരുന്ന രണ്ട് വാഹനങ്ങള്‍ കടന്ന് പോകാന്‍ ഏറെ പ്രയാസപ്പെടുന്ന റോഡിന്റെ ഇരുവശവുമാണ് വെട്ടിപൊളിച്ചിരിക്കുന്നത്. മഴ തുടങ്ങിയതോടെ ഇരുവശവും ചെളിക്കുളവും കുഴിയുമായി മാറി. വാഹനങ്ങള്‍ റോഡില്‍ കുടുങ്ങുന്ന അവസ്ഥയുണ്ടായി. ഇന്നലെ ഇതിന് തൊട്ടടുത്താണ് ഒരേ സ്ഥലത്ത് ലോറിയും സ്വകാര്യ ബസും കുഴിയില്‍ താഴ്ന്നത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും റോഡിലെ ചെളിക്കുളത്തില്‍ വാഴ നടുകയുമായിരുന്നു. പൈപ്പിടാനായി കുഴിച്ച കുഴികള്‍ മണ്ണിട്ട് നികത്തി അതിന്റെ മുകളില്‍ പേരിന് മാത്രം ക്വാറി വെയ്സ്റ്റ് ഇടുകയാണ് കരാറുകാര്‍ ചെയ്തത്. കാനയുടെ മുകളിലത്തെ കാല്‍ ഭാഗമെങ്കിലും ക്വാറി വെയ്സ്റ്റ് ഇട്ട് നികത്തിയിരുന്നെങ്കില്‍ റോഡുകളില്‍ ഇത്തരത്തില്‍ കുഴികള്‍ രൂപപ്പെടുകയില്ലായിരുന്നു. ജല്‍ ജീവന്‍ പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളിലെല്ലാം റോഡുകളുടെ അവസ്ഥ ഇത്തരത്തിലാണ്. ഈ പഞ്ചായത്തുകളിലൂടെ കടന്ന് പോവുന്ന സംസ്ഥാന പാത ഉള്‍പ്പെടെ പൊതുമരാമത്ത് റോഡുകളും മറ്റ് റോഡുകളും ഗതാഗത യോഗ്യമല്ലാതായിരിക്കുന്നു. കരാറുകാരെ കൊണ്ട് ശരിയാംവണ്ണം കാനകള്‍ നികത്തിക്കുന്നതില്‍ അതാത് തദ്ദേശസ്ഥാപനങ്ങള്‍ കാണിച്ച വിമുഖതയും ശ്രദ്ധയില്ലായ്മയുമാണ് ഇന്ന് യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് പ്രധാന കാരണം.
Protest by planting banana in the muddy puddle on the road at kadiyangad