പേരാമ്പ്ര : വ്യത്യസ്തമായ കൈയ്യക്ഷരം കൊണ്ട് ശ്രദ്ധ നേടിയ റഷീദ് മുതുകാട് ഈ വര്‍ഷത്തെ രാജാ രവിവര്‍മ്മ കലാഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായി.
മഹാരാഷ്ട്രയിലെ ഔറംഗാവാദ് അജന്ത എല്ലോറ ആര്‍ട്ട് ഗാലറി ആര്‍ട്ട് ഡ്രോയിംഗ് ആന്റ് പെയിന്റിംഗ് വിഭാഗത്തിലാണ് അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്.
കയ്യെഴുത്തിലൂടെ വിസ്മയം സൃഷ്ടിക്കുന്ന റഷീദിന്റെ തൂലിക തുമ്പിലൂടെ വിരിഞ്ഞ ആശംസാകാര്‍ഡുകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചുരപ്രചാരം നേടിയിട്ടുണ്ട്.
ഔണവും റംസാനും ക്രിസ്തുമസും പുതുവത്സരവുമൊക്കെ ആഗതമാവുമ്പോള്‍ സുഹൃത്തുക്കളും പ്രമുഖരും റഷീദിനെ തേടിയെത്തുന്നു, തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാന്‍ ഇദ്ദേഹത്തിന്റെ കൈപ്പടയില്‍ വിരിഞ്ഞ മനോഹര അക്ഷരക്കൂട്ടുകള്‍ക്കായ്.
സാധാരണ പേന ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിലാണ് റഷീദ് എഴുത്തുകള്‍ നടത്തുന്നത്. കൈയ്യക്ഷരത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന ക്ലാസുകള്‍ നടത്തുന്ന റഷീദ് മുതുകാടിന് ബി.ആര്‍. അംബേദ്കര്‍ രത്ന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കൈയ്യെഴുത്ത് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ റഷീദ് മുതുകാടിന്റെ എഴുത്ത് ഇതിനകം ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ഭാരത് സേവക് സമാജ് ദേശീയ അംഗീകാരം നല്‍കി ആദരിച്ചിട്ടുണ്ട്.
ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് കണിയാംകണ്ടി മീത്തല്‍ കുഞ്ഞമ്മദ് കുഞ്ഞായിഷ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമനായ റഷീദ് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി ജീവനക്കാരനുമാണ്.
#RajaRaviVarma #Kalabhushan award to Rasheed #Mutukad who creates #magic in #handwriting