പേരാമ്പ്ര: കൂനിയോട് വടക്കുമ്പാട് പ്രദേശത്ത് നൂറുക്കണക്കിന് കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് നല്‍കിയ കൂനിയോട് ജിഎല്‍പി സ്‌കൂളിന് നാട്ടുകാര്‍ ചേര്‍ന്ന് വാങ്ങിയ സ്ഥലത്തിന്റെ രേഖ കൈമാറി.

വിദ്യാലയത്തില്‍ മികച്ച ഭൗതിക-അക്കാദമിക സൗകര്യങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാലയത്തിനോട് ചേര്‍ന്ന് 35 സെന്റ് സ്ഥലം കൂടി വാങ്ങി സര്‍ക്കാരിലേക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്.
നാട്ടുകാരുടെ സഹകരണത്തോടെയാണ് ഇതിനാവശ്യമായ തുക സമാഹരിച്ചത്. കൂനിയോട് തച്ചന്‍കുന്നില്‍ നിലവിലുള്ള 10 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് 55 വര്‍ഷത്തിലധികം പഴക്കമുണ്ട്.
കൂടുതല്‍ ഭൂമി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും പാചകപ്പുരയും ഭക്ഷണശാലയും ശുചിമുറിയും ഉള്‍പ്പെടെയുള്ള ഹൈടെക് വിദ്യാലയം ഇവിടെ ഉയരും.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ സംരക്ഷണ സമിതി പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന് ഭൂരേഖ കൈമാറി. അടുത്ത സാമ്പത്തിക വര്‍ഷത്തെ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ചതായി എംഎല്‍എ അറിയിച്ചു.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പഞ്ചായത്ത് ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായും സദസ്സിനെ അറിയിച്ചു.
പ്രധാനാധ്യാപിക പി. ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാലയത്തിനായി സ്ഥലം സംഭാവന ചെയ്ത താഴത്തില്ലത്ത് നജീബ്, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരെയും വിദ്യാലയത്തിലെ ആദ്യകാല അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.
സംഘാടക സമതി ചെയര്‍മാന്‍ കെ.വി. അശോകന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. റീന, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം. അരവിന്ദാക്ഷന്‍, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാളയാട്ട് ബഷീര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.ടി. സരീഷ്, എന്‍.പി. സത്യവതി, പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍. ബിനോയ്കുമാര്‍, പി.എസ് പ്രവീണ്‍, ഷൈലജ ചെറുവോട്ട്, കിഴക്കയില്‍ ബാലന്‍, ടി.കെ. റസാക്ക്, എന്‍.ഇ. ചന്ദ്രന്‍, റസാഖ് പാലേരി, എ.പി. മുഹമ്മദ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ യു. അനിത, പിടിഎ പ്രസിഡന്റ് എ.എം. ഷിജു, വി.കെ. സുമതി എന്നിവര്‍ സംസാരിച്ചു.
സി.പി. ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ന്യൂ വൈബ്സ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറി.
kooniyod handed over the land deed to GLP School