---
title: "പന്തിരിക്കരയിലും പുലിയെ കണ്ടതായി വീട്ടമ്മ "
english_title: "Housewife said she saw a tiger in Pandirikara too"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192687/housewife-said-she-saw-a-tiger-in-pandirikara-too"
published_at: "2024-03-18T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f8571f82916_1_apuli.jpg"
keywords: []
---

# പന്തിരിക്കരയിലും പുലിയെ കണ്ടതായി വീട്ടമ്മ 

> **Lead Summary:** **പന്തിരിക്കര: **പന്തിരിക്കരയിലും പുലിയെ കണ്ടതായി വീട്ടമ്മ. ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് പ്രദേശത്തുകാരിയായ വീട്ടമ്മ പുലിയെ കണ്ടതായി പറയുന്നത്.

## Article Content

**പന്തിരിക്കര: **പന്തിരിക്കരയിലും പുലിയെ കണ്ടതായി വീട്ടമ്മ. ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് പ്രദേശത്തുകാരിയായ വീട്ടമ്മ പുലിയെ കണ്ടതായി പറയുന്നത്.

പന്തിരിക്കര ഒറ്റക്കണ്ടം റോഡില്‍ ചെമ്പോ നടുക്കണ്ടി ബാലന്റെ വീടിന് സമീപമാണ് പുലിയെ കണ്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയാണ് ജീവിയെ കാണുന്നത്. ഉടന്‍ വീട്ടിനകത്ത് കയറി വാതിലടച്ച വീട്ടമ്മ ഫോണ്‍ വിളിച്ച് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. കണ്ടത് പുലിയെ തന്നെയാണെന്ന് ഇവര്‍ ഉറപ്പിച്ച് പറയുന്നു.

വനം പൊലീസ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയെ കണ്ടതായി വീട്ടമ്മ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പെരുവണ്ണാമൂഴി പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ കുറച്ച് ദിവസമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട്, മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ്, മുണ്ടവയല്‍ എന്നിവിടങ്ങളില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഇവിടങ്ങളില്‍ വളര്‍ത്തുനായകളെ അക്രമിക്കുകയും കൊന്ന് തിന്നുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ വനം പൊലീസ് അധികൃതര്‍ പുലിക്കായ് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192687/housewife-said-she-saw-a-tiger-in-pandirikara-too)