പേരാമ്പ്ര: അസറ്റ് പേരാമ്പ്ര ടാലന്‍സ് മീറ്റ് 2024 സംഘടിപ്പിച്ചു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ- സാമൂഹിക-സാംസ്‌കാരിക പുരോഗമനം ലക്ഷ്യമാക്കി 2022 ല്‍ രൂപം കൊണ്ടിട്ടുള്ള സംഘടനയായ അസറ്റിൻ്റെ ആഭിമുഖ്യത്തില്‍ പ്രതിഭകളെ ആദരിച്ചു.

പേരാമ്പ്ര മേഖലയിലെ സിവില്‍ സര്‍വ്വീസ് ജേതാക്കളായ എസ് അമൃത, ശാരിക കീഴരിയൂര്‍, റാഷിദലി നാഗത്ത് എന്നിവരെയും എൽ എസ് എസ്, യുഎസ്എസ്, എന്‍എംഎംഎസ് ജേതാക്കള്‍ക്കും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ മുഴുവന്‍ പ്രതിഭകള്‍ക്കും വിദ്യാലയങ്ങൾക്കുമാണ് അനുമോദനം. 600 ഓളം പ്രതിഭകളെയാണ് ചടങ്ങില്‍ ആദരിച്ചത്.
പേരാമ്പ്ര ടൗണ്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങ് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു.
അക്ഷരം കൂട്ടിവായിച്ചപ്പഴോ പുസ്തകം വായിച്ചപ്പഴോ ആരംഭിച്ചതാണ് അറിവ് എന്നത് മണ്ടത്തരമാണെന്നും മനുഷ്യന്‍ അവന്റെ ജീവിതത്തിന്റെ നിമിഷത്തിലാരംഭിക്കുന്ന അറിവ് അവന്റെ കണ്‍പാര്‍ക്കലുകളുടെയും കാതോര്‍ക്കലുകളിലൂടെയാണെന്നും ജി.എസ്. പ്രദീപ് പറഞ്ഞു.
കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും സ്വരുകൂട്ടുന്ന അറിവ് അവന്‍ ജനിക്കുന്ന നിമിഷത്തില്‍ ആരംഭിക്കുന്നു വെങ്കില്‍ ഈ വിശ്വത്തില്‍ ഒരാള്‍ക്ക് ലഭ്യമാകുന്ന ഏറ്റവും ശക്തമായ ഏറ്റവും ആഴമുള്ള അറിവ് ഏറ്റവും സത്യ സന്ധമായ അറിവ് പിറന്ന് വീഴുമ്പോള്‍ ആനന്ത കണ്ണീരൊഴുക്കുന്ന അമ്മയില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.അസറ്റ് അക്കാദമിക് ഡയറക്ടര്‍ ടി.സലീം ആമുഖഭാഷണം നടത്തി. നസീര്‍ നൊച്ചാട്, എം.പി.കെ. അഹമ്മദ് കുട്ടി, ഒ.സി. ലീന എന്നിവര്‍ സംസാരിച്ചു.
അസറ്റ് ജനറല്‍ സെക്രട്ടറി വി.ബി. രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസറ്റ് സ്റ്റാര്‍സ് കോഡിനേറ്റര്‍ ചിത്ര 'രാജന്‍ നന്ദിയും പറഞ്ഞു.
Asset Perambra Talent Meet 2024