കീഴരിയൂര്‍: പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്രിയേറ്റീവ് ആര്‍ട്ട് മസ്ട്രേസ് ഓഫ് പേരാമ്പ്ര എന്ന ദി ക്യാമ്പ് പേരാമ്പ്രയുടെ മണ്‍സൂണ്‍ ചിത്രകലാ ക്യാമ്പ് കലാപ്പുഴ എന്ന പേരില്‍ മലബാറിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ അകലാപ്പുഴയില്‍ നടന്നു.
സഞ്ചരിക്കുന്ന ഹൗസ് ബോട്ടിലാണ് ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചത്. ഇത് ചിത്രകാരന്മാര്‍ക്ക് പുതിയൊരു അനുഭവമായി മാറി.
പ്രശസ്ത ചിത്രകാരനും ശില്പിയുമായ സോനു രാമകൃഷ്ണന്‍ ക്യാമ്പ് അംഗമായ ഡോ. സോമനാഥന്‍ പുളിയുള്ളതിലിന് ക്യാന്‍വാസ് കൈമാറി ഉദ്ഘാടനം ചെയ്തു.
ഒരാള്‍ കലാകാരനായിരിക്കുക എന്നാല്‍ അയാള്‍ സാമൂഹ്യ ദ്രോഹി അല്ലാതിരിക്കുക എന്നതാണെന്നും കലാകാരന്മാരല്ലാത്തവരെല്ലാം സാമൂഹ്യ ദ്രോഹികളാണന്നല്ല. കലാകാരന്മാര്‍ കൂടുതലായി സമൂഹത്തെ സജീവമാക്കുകയും സാമൂഹ്യ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണെന്നും സോനു രാമകൃഷ്ണന്‍ പറഞ്ഞു.
ദി ക്യാമ്പ് പ്രസിഡന്റ് കെ.സി. രാജീവന്‍ അധ്യക്ഷത വഹിച്ചു. ദി ക്യാമ്പ് സെക്രട്ടറി രഞ്ജിത്ത് പട്ടാണിപ്പാറ, സുരേഷ് കുമാര്‍ കല്ലോത്ത്, ബഷീര്‍ ചിത്രകൂടം തുടങ്ങിയവര്‍ സംസാരിച്ചു.
ജിപ്സിയ ബോട്ടില്‍ കാലത്ത് മുതല്‍ മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തില്‍ അകലാപ്പുയെുടെ ഓളപ്പരപ്പിലൂടെ ഒഴുകി നടത്തിയ ക്യാമ്പില്‍ ചിത്രകാരന്മാരായ സോനു രാമകൃഷ്ണന്‍, ഡോ. സോമനാഥന്‍ പുളിയുള്ളതില്‍, ബാബു പുറ്റം പൊയില്‍, ശ്രീജേഷ് ശ്രീലകം, വി.വി.ബാബു ചക്കിട്ടപ്പാറ, ബിജു എടത്തില്‍, ബഷീര്‍ ചിത്രകൂടം, ദിനേശ് നക്ഷത്ര, സുരേഷ് കുമാര്‍ കല്ലോത്ത്, ബൈജന്‍സ്, കെ.സി. രാജീവന്‍, രഞ്ജിത്ത് പട്ടാണിപ്പാറ, സജീവ് കീഴരിയൂര്‍, ദേവരാജ് കന്നാട്ടി, സുരേഷ് കുട്ടമ്പത്ത്, ലിതേഷ് കരുണാകരന്‍ എന്നിവര്‍ സര്‍ഗ സൃഷ്ടി നടത്തി.
Monsoon Art Camp 'Kalapuzha' by The Camp Perambra at Akalapuzha