---
title: "സില്‍വര്‍ കോളെജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു "
english_title: "The new building of Silver College was inaugurated at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218170/the-new-building-of-silver-college-was-inaugurated-at-perambra"
published_at: "2024-07-07T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ad2bd60671_muha.JPG"
keywords: []
---

# സില്‍വര്‍ കോളെജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ക്യാമ്പസില്‍ പണിതീര്‍ത്തിട്ടുള്ള വിശാലമായ പുതിയ കെട്ടിടത്തില്‍ വിവിധ ലബോറട്ടറികള്‍, ലൈബ്രറി, സെമിനാര്‍ ഹാള്‍ എന്നിങ്ങനെ വിവിധ സൗകര്യങ്ങളൊരുക്കിയിരിക്കുന്നു.

## Article Content

**പേരാമ്പ്ര: **സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ക്യാമ്പസില്‍ പണിതീര്‍ത്തിട്ടുള്ള വിശാലമായ പുതിയ കെട്ടിടത്തില്‍ വിവിധ ലബോറട്ടറികള്‍, ലൈബ്രറി, സെമിനാര്‍ ഹാള്‍ എന്നിങ്ങനെ വിവിധ സൗകര്യങ്ങളൊരുക്കിയിരിക്കുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പ്രതീക്ഷകളുമായി 2010 ലാണ് സില്‍വര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴില്‍ നവീനമായ കോഴ്സുകളോടെ പ്രവര്‍ത്തനം ആരംഭിച്ചത്.

ഏറെ തൊഴില്‍ സാധ്യതകള്‍ പ്രധാനം ചെയ്യുന്ന വിവിധ കോഴ്സുകള്‍ പേരാമ്പ്രയുടെ വിദ്യാഭ്യാസ മുഖച്ഛായ മാറ്റി. പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ നല്‍കാന്‍ ഈ കോഴ്സുകള്‍ സഹായിച്ചു.

കഴിഞ്ഞ 14 വർഷക്കാലം കൊണ്ട്പേരാമ്പ്രയിലെ മികച്ച ഉന്നത വിദ്യാഭ്യാസ കലാലയമായി മാറിക്കഴിഞ്ഞ കേളെജിന് അഭിമാന സ്തഭമായി പുതിയെ കെട്ടിടം ഉയർന്നിരിക്കുകയാണ്. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ബഹുനില കെട്ടിടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്.

സില്‍വര്‍ കോളെജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ വലിയ മുന്നേറ്റവും മാറ്റവും നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് വരെ വിദ്യാര്‍ഥികള്‍ പഠനത്തിന് ഇവിടേക്ക് എത്തുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വടകര എംപി ഷാഫി പറമ്പില്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ സിവില്‍ സര്‍വ്വീസ് വിജയികള്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി, പ്രിന്‍സിപ്പല്‍ ഡോ. സി. വിനോദ് കുമാര്‍, എ.കെ. തറുവയി ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗം  പി. ജോന, പിടിഎ പ്രസിഡന്റ് പി.ടി. അഷറഫ്, എം. കുഞ്ഞമ്മദ്, കെ. ബാല നാരായണന്‍, എസ്.പി. കുഞ്ഞമ്മദ്, എസ്.കെ. അസൈനാര്‍, രാഗേഷ് തറമല്‍, ഡോ. പി.ടി. അബ്ദുള്‍ അസീസ്, രാജീവന്‍ മല്ലിശ്ശേരി, എ.വി. അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218170/the-new-building-of-silver-college-was-inaugurated-at-perambra)