മേപ്പയൂര്‍: മേപ്പയൂര്‍-നെല്ല്യാടി-കൊല്ലം റോഡ് നവീകരണം നീളുന്നതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര എംഎല്‍എയുടെ ഓഫീസിലേക്ക് സപ്തംബര്‍ 2 ന് യുഡിഎഫ് മാര്‍ച്ച് നടത്തുന്നു. ഇതിന്റെ ഭാഗമായി മേപ്പയൂര്‍, കീഴരിയൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റികള്‍ സംയുക്തമായി മേപ്പയൂര്‍ ഇന്ദിരാഭവനില്‍ യോഗം ചേര്‍ന്ന് സംയുക്ത സമരസമിതിക്ക് രൂപം നല്‍കി.
ഒന്നാം പിണറായി ഭരണത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വളരെ കൊട്ടിഘോഷിച്ച് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ മന്ത്രിയായിരിക്കെ നാടുനീളെ പോസ്റ്റര്‍ പ്രചരണം നടത്തിയ മേപ്പയൂര്‍-നെല്യാടി-കൊല്ലം റോഡ് 10 മീറ്റര്‍ വീതിയാക്കാനുള്ള അതിന്റെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാതെ വഴിമുട്ടി നില്‍ക്കുന്നുവെന്നും 39 കോടി രൂപ വകയിരുത്തിയതല്ലാതെ മേല്‍സുചിപ്പിച്ച ടെന്റര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാത്തതു കൊണ്ട് കാര്യകള്‍ മുന്നോട്ടു നീങ്ങുന്നില്ലെന്നും കഴിഞ്ഞ കുറേ വര്‍ഷമായി റോഡുമായി ബന്ധപ്പെട്ട യാതൊരു വര്‍ക്കും നടക്കാത്തതു കാരണം റോഡ് ആകെ താറുമാറായി വാഹനയാത്രയും, കാല്‍ നടയാത്രയും നടത്താന്‍ കഴിയാത്ത വിധത്തില്‍ ജനം പ്രയാസപ്പെടുന്നുവെന്നും യോഗത്തില്‍ പറഞ്ഞു.
മേപ്പയ്യൂര്‍, കീഴരിയ്യൂര്‍ യുഡിഎഫ് കമ്മിറ്റികള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മേപ്പയ്യൂരിലും, കീഴരിയ്യൂരും പ്രതിഷേധ വിശദീകരണ പൊതുയോഗങ്ങളും, കൊയിലാണ്ടി പൊതുമരാമത്ത് എഞ്ചിനീയറുടെ ഓഫീസിനു മുന്‍പില്‍ വ്യത്യസ്ഥ ദിവസങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു.
അതിനു ശേഷം ജില്ലാ കലക്ടറുടെ ഇടപെടല്‍ മൂലം വാട്ടറതോറിറ്റി അത്യാവശ്യം പാച്ച് വര്‍ക്കുകള്‍ നടത്തി മുന്നോട്ടു പോകുകയല്ലാതെ മറ്റൊരു തുടര്‍ നടപടിയും എംഎല്‍എ യോ ബന്ധപ്പെട്ടവരോ ചെയ്യുന്നില്ലെന്നും ഇതില്‍പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സമരത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് സപ്തംബര്‍ 2 ന് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.
സമരസമിതി യോഗം പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കീഴരിയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് കണ്‍വീനറും കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റുമായ ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു.
മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍, മേപ്പയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍, കീഴരിയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റും പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാനുമായ ടി.യു സൈനുദ്ദീന്‍, ടി.എം അബ്ദുള്ള, റസാഖ് കുന്നുമ്മല്‍, സി.പി നാരായണന്‍, ജി.പി പ്രീജിത്ത്, അന്തേരി ഗോപാലക്യഷ്ണന്‍, വേലായുധന്‍ കീഴരിയ്യൂര്‍, ഒ.കെ കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
മേപ്പയൂര്‍ പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍ സ്വാഗതവും, മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.കെ അനീഷ് നന്ദിയും പറഞ്ഞു. സമരസമിതിയുടെ ചെയര്‍മാനായി പറമ്പാട്ട് സുധാകരനേയും, കണ്‍വീനറായി ടി.യു സൈനുദ്ദീനേയും തെരഞ്ഞെടുത്തു.
Mepayyur-Nelliadi-Kollam Road; A meeting of the joint strike committee was held