കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കെതിരേ ചികിത്സാപ്പിഴവ് ആരോപണവുമായി മുയിപ്പോത്ത് സ്വദേശിനി.
പ്രസവ ചികിത്സക്കിടെ പിഴവുണ്ടായെന്നും ഇത് കുഞ്ഞിന്റെ ബുദ്ധിവികാസത്തെ ബാധിച്ചെന്നും തനിക്ക് അഞ്ച് ശസ്ത്രക്രിയകള്‍ക്ക് വിധേയയാകേണ്ടിവന്നെന്നുമാണ് മുയിപ്പോത്ത് സ്വദേശിനിയായ അനുശ്രീയുടെ പരാതി.
2024 ജനുവരി 13-നാണ് പ്രസവചികിത്സക്കായി അനുശ്രീയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്നും അനുശ്രീ പറയുന്നു.
ഡിസ്ചാര്‍ജ് രേഖയില്‍ ഡോക്ടര്‍ പരിശോധിച്ചിട്ടുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് തന്റെ നഖത്തില്‍ നീലനിറം കണ്ട് കൂടെയുണ്ടായിരുന്ന അമ്മ നിലവിളിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഓടിക്കൂടി മറ്റൊരു മുറിയിലേക്ക് മാറ്റി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നെന്നും അനുശ്രീ പറയുന്നു.
ഒരാഴ്ചയോളം കുഞ്ഞ് വെന്റിലേറ്ററില്‍ ആയിരുന്നു. രണ്ടാഴ്ചക്ക് ശേഷമാണ് കുഞ്ഞ് കരഞ്ഞത്. കുഞ്ഞിന് പത്തുമാസമായിട്ടും ട്യൂബിലൂടെ മാത്രമാണ് ഭക്ഷണം നല്‍കിയിരുന്നത്. ഇതുവരെ മുലയൂട്ടാന്‍ കഴിച്ചിട്ടില്ല.
കഴുത്ത് ഉറയ്ക്കുകയോ ബുദ്ധിവികാസം ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും അനുശ്രീ ആരോപിക്കുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് അനുശ്രീയുടെ ഗര്‍ഭപാത്രവും നീക്കം ചെയ്തിരുന്നു. പിന്നീട് സ്വകാര്യഭാഗത്ത് പഴുപ്പുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായി.
ചികിത്സാപ്പിഴവിന് ഉത്തരവാദിയായ ഡോക്ടര്‍ സൂരജിനെതിരെ നടപടി എടുക്കണമെന്നും തനിക്കും കുഞ്ഞിനും ഉണ്ടായ ദുരവസ്ഥയ്ക്ക് നഷ്ടപരിഹാരം വേണമെന്നുമാണ് യുവതിയുടെ ആവശ്യം. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആശുപത്രി അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
യുവതിക്കും കുഞ്ഞിനും നീതി ലഭ്യമാക്കാന്‍ വേണ്ടി ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങാനാണ് കുടുംബത്തിന്റേയും ആക്ഷന്‍ കമ്മറ്റിയുടെയും തീരുമാനം.
A woman from Muipoth filed a complaint against the kozhikkode Medical College Hospital