പേരാമ്പ്ര: കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാന പാതയി ല്‍ പ്രധാന പാലമായ പാറക്കടവ് പാലം പുനര്‍നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
പാലം നിര്‍മാണത്തില്‍ അള്‍ട്രാ ഹൈ പെര്‍ഫോമെന്‍സ് ഫൈബര്‍ റീ ഇന്‍ ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് എന്ന രീതി കേരളത്തിലും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
പാറയും മണലും ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തു ക്കളുടെ ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടാക്കുന്ന നിര്‍മാണ രീതിയാണിത്. കോണ്‍ക്രീറ്റിനേക്കാള്‍ വളരെയേറെ ഉറപ്പും ഈടും ലഭിക്കും. പാറ, മണല്‍, സ്റ്റീല്‍ എന്നിവയുടെ ഉപയോഗം പകുതിയായിയും പദ്ധതി ചെലവ് 30 ശതമാനം കുറയ്ക്കാനും കഴിയും.
ടി.പി രാമ കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. 3.59 കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മിക്കുന്നത്.17 മീറ്റര്‍ നീളവും 10 മീറ്റര്‍വീതിയും നടപ്പാതയുമുള്‍പ്പെടുന്നതാണ് പാലം.30 മീറ്റര്‍ നീളത്തില്‍ പാലേരി ഭാഗത്തും കുറ്റ്യാടി ഭാഗത്തും ബിഎം ആന്‍ഡ് ബിസി ഉപരിതലമുള്ള റോഡും നിര്‍മിക്കും.
ചങ്ങരോത്ത് പഞ്ചായത്തില്‍ നിര്‍മിക്കുന്ന നാലാമത്തെ വലിയ പാലമാണിത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം ഏറ്റെടുത്തത്. പാലം വിഭാഗം അസി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എന്‍.വി ഷിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി , കെ അഭിജിത്ത്, അബ്ദുല്ലസല്‍മാന്‍ താഹിറ, പി.എസ് പ്രവീണ്‍, ആനേരി നസീര്‍ , പുതുക്കോട്ട് രവീന്ദ്രന്‍, ഇല്ലത്ത് മോഹനന്‍, റസല്‍ പൊയിലങ്കി, എ.കെ അമ്മത്, എം.കെ കാസിം, ശ്രീനി മനത്താനത്ത് എന്നിവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി.എസ് അജിത്ത് സ്വാഗതവും അസി. എന്‍ജിനിയര്‍ എന്‍ ബൈജു നന്ദിയും പറഞ്ഞു.
Inauguration of Parakkadav bridge reconstruction work