പേരാമ്പ്ര : മലയോര ഹൈവേയുടെ നിര്‍മ്മാണം നടക്കുന്ന പെരുവണ്ണാമൂഴി ചക്കിട്ടപാറ റോഡില്‍ കെഎസ്ഇബി ഒരു വര്‍ഷം മുമ്പ് സ്ഥാപിച്ച 56 ലോഹ തൂണുകള്‍ പിഴുതു മാറ്റാന്‍ വൈകുന്നതില്‍ കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ അംഗം രാജന്‍ വര്‍ക്കിയുടെ പ്രതിഷേധം.
ഇന്നലെ നടന്ന യോഗത്തില്‍ കെആര്‍എഫ്ബിയും, കെഎസ്ഇബിയും തങ്ങളുടെ നിലപാടുകള്‍ രേഖകള്‍ ഉദ്ധരിച്ച് അവതരിപ്പിക്കുകയുണ്ടായി.
തൂണുകള്‍ പിഴുതു മാറ്റാന്‍ 49 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യ പ്പെട്ട് കിഫ്ബിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഇരു വകുപ്പുകളും യോഗത്തില്‍ അറിയിച്ചു. കരാറുകാരായ യുഎല്‍സിസിഎസിന്റെ നേതൃത്വത്തില്‍ അതിവേഗം ഹൈവേ പ്രവര്‍ത്തി പുരോഗമിക്കുകയാണെന്നു രാജന്‍ വര്‍ക്കി പറഞ്ഞു.
റോഡിന്റെ യഥാര്‍ത്ഥ വീതി നിര്‍ണയിക്കാതെയാണ് പെരുവണ്ണാമൂഴിയില്‍ നിന്നു ചക്കിട്ടപാറക്ക് വൈദ്യുതി കൊണ്ടു പോകാനാന്‍ കെഎസ്ഇബി ലോഹ തൂണുകള്‍ സ്ഥാപിച്ചത്.
ഹൈവേ പ്രവര്‍ത്തിക്കായി പാതയുടെ വീതി നിര്‍ണയിച്ചപ്പോള്‍ തൂണുകളെല്ലാം റോഡിലാണെന്ന് നിര്‍ണയിക്കപ്പെട്ടു. തൂണുകള്‍ സ്ഥാപിച്ച വശത്ത് ഓവുചാല്‍ നിര്‍മ്മിക്കുന്ന പണിയാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ വശത്തുള്ള വീടുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള വഴി പുനര്‍ നിര്‍മ്മിക്കാനും ഓവുചാലിന്റെ പണി പൂര്‍ത്തിയാക്കാനും തൂണുകള്‍ തടസമാവുകയാണ്.
പ്രശ്‌നം പല തവണ ട്രൂവിഷന്‍ ന്യൂസ് ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കഴിഞ്ഞ മാസം താലൂക്ക് വികസന സമിതിയിലും വിഷയം പരാതിയായി എത്തി. വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഉദാസീന നയവും ജനദ്രോഹകരമായി മാറിയിരിക്കുകയാണെന്നാരോപിച്ചാണ് പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കി രാജന്‍ വര്‍ക്കി പ്രതിഷേധിച്ചത്.
ഈ മാസം 30 നുള്ളില്‍ തൂണുകള്‍ പിഴുതു മാറ്റാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ നോക്കു കുത്തിയായി വഴിയില്‍ നില്‍ക്കുന്ന തൂണിനു മുമ്പില്‍ നിന്നു ചിരട്ടയെടുത്ത് ജനങ്ങളോട് ഭിക്ഷയാചിച്ച് പണം സ്വരൂപിച്ച് ഇരു വകുപ്പുകള്‍ക്കും നല്‍കാന്‍ തഹസില്‍ദാര്‍ക്ക് കൈമാറുമെന്നും രാജന്‍ വര്‍ക്കി സമിതിയില്‍ അറിയിച്ചു.
Rajan Varki's protest at Koyaladi Taluk Development Committee meeting