കോഴിക്കോട്: ബേപ്പൂരിന്റെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന് അനുയോജ്യമായ സ്മാരകം നിര്‍മ്മിക്കുക എന്നത് ബഷീറിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എല്ലാവരുടെയും ചിരകാല സ്വപ്നമായിരുന്നു.
ബഷീര്‍ സ്മാരക സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ബേപ്പൂരില്‍ തന്നെ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടൂറിസം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്മാരകം പണിയുന്നതിനായി 7.37 കോടി രൂപയുടെ പദ്ധതിയ്ക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കുകയുണ്ടായി. സ്മാരകത്തിന്റ നിര്‍മാണ പുരോഗതി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തി.
ഈ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ആകാശ മിഠായി എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തിയുടെ ഭാഗമായി 11000 സ്‌ക്വയര്‍ഫീറ്റ് ബില്‍ഡിങ് നിര്‍മ്മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈ ബില്‍ഡിങ്ങില്‍ ലിറ്റററി കഫെ, കോണ്‍ഫറന്‍സ് ഹാള്‍, ടോയ്‌ലറ്റ്, ലിഫ്റ്റ് എന്നീ ഘടകങ്ങളും അതോടൊപ്പം ബില്‍ഡിങ്ങിനു സമീപമായി ഓപ്പണ്‍ സ്റ്റേജ് എന്നിവയും ഉള്‍പ്പെടുന്നു.
പദ്ധതിയുടെ 96% പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ലാന്‍ഡ്‌സ്‌കേപ്പിംഗ് & ലൈറ്റിംഗ് വര്‍ക്കുകള്‍, ഫര്‍ണിച്ചര്‍, എസി വര്‍ക്കുകള്‍, കോമ്പൗണ്ട് വാള്‍, ആര്‍ട്ട് & ക്യൂരിയോ വര്‍ക്കുകള്‍ എന്നിവ കൂടി നടപ്പിലാക്കുന്നതിന് 10.43 കോടി രൂപയുടെ സമര്‍പ്പിക്കപ്പെട്ട റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകാരത്തിനായി തിരുത്തലുകള്‍ ഏജന്‍സിയായ യു്എല്‍സിസിഎസ് വരുത്തി വരുകയാണ്. ഇതോടൊപ്പം മറ്റൊരു ടൂറിസം പദ്ധതിയായ മലബാര്‍ ലിറ്റററി സര്‍ക്യൂട്ടിന്റെ ഭാഗമായി ബഷീറിന്റെ ഓര്‍മ്മകളെ ഉണര്‍ത്തുന്ന സൈനേജും ഇവിടെ സ്ഥാപിക്കുന്നുണ്ട്.
രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍: രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിന് ഏകദേശം 17 സെന്റ് സ്വകാര്യ ഭൂമി കോഴിക്കോട് കോര്‍പ്പറേഷന്‍ പര്‍ച്ചേസ് ചെയ്ത് നിര്‍മ്മാണത്തിനായി എന്‍ഒസി ടൂറിസം വകുപ്പിനു നല്‍കേണ്ടതുണ്ട്.
ഇവിടെ ബഷീര്‍ ആര്‍കൈവ്‌സ് , കിനാത്തറ ( കിനാവ് കാണുന്ന തറ) , ബോര്‍ഡ് റൂം , ലൈബ്രറി എന്നിവ അടങ്ങുന്ന കള്‍ച്ചറല്‍ ബില്‍ഡിങ്ങ് ആണ് ആര്‍ക്കിടെക്ട് വിഭാവനം ചെയ്തിരിക്കുന്നത്. അതോടൊപ്പം നിലവില്‍ നിര്‍മ്മാണം നടക്കുന്ന ബില്‍ഡിങ്ങിന്റെ പിന്‍ഭാഗത്തായുള്ള കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ ഉള്ള ഭൂമിയില്‍ അക്ഷരത്തോട്ടം എന്ന കണ്‍സപ്റ്റ് ആണ് ആര്‍ക്കിടെക്ട് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനുള്ള പദ്ധതി പ്രൊപ്പോസല്‍ തയ്യാറാക്കി വരുന്നു.
Basheer memorial construction work is progressing