കൽപ്പറ്റ: ശ്രുതിയുടെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും മനമുരുകിയ പ്രാർത്ഥനകൾ ഒരു ദൈവവും കേട്ടില്ല. വയനാട് ദുരന്തത്തിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട യുവതിക്ക് ഏക പ്രതീക്ഷയും ധൈര്യവുമായിരുന്ന ജൻസൻ മരണത്തിന് കീഴടങ്ങി.
ഇന്നലെ വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസണ്‍ അത്യാസന നിലയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെൻസൺ വെൻ്റിലേറ്ററിൻ്റെ സഹായത്തിലാണ് കഴിഞ്ഞിരുന്നത്..
ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൺ. അപകടത്തിൽ ശ്രുതിക്കും കാലിന് പരിക്കേറ്റ് ചികിത്സയിലാണ്. ഇവരടക്കം വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്. ബസ്സിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്.
ഇന്നലെ വൈകുന്നേരമാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം തകർന്നു.
വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം.
ഒറ്റക്കായി പോയ ശ്രുതിയെ ജെൻസണ്‍ കൈപിടിച്ച് ഒപ്പം ചേർത്ത് നിർത്തുകയായിരുന്നു. ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുമ്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ഇരുവർക്കും നേരിടേണ്ടി വരുന്നത്. ഇവർക്കായി മലയാളി മനസുകൾ പ്രാർത്ഥനാ നിർഭരമായെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു.
Jenson Wayanad passed away in bus accident at Kalpatta