പേരാമ്പ്ര: ടെലികോം രംഗത്തെ വിപ്ലവപദ്ധതി ട്രയല്‍റണ്‍ കഴിഞ്ഞു, ആദ്യഘട്ടംതന്നെ കേരളത്തില്‍ നടപ്പാക്കും. വീട്ടിലെ ഫൈബര്‍ കണക്ഷനില്‍ കിട്ടുന്ന അതിവേഗ ഇന്റര്‍നെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും വൈഫൈ ആയി കിട്ടാവുന്ന സംവിധാനം ബിഎസ്എന്‍എല്‍ കേരളത്തില്‍ തുടങ്ങുന്നു.
'സര്‍വത്ര' എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ പദ്ധതി ടെലികോം രംഗത്തെ വിപ്ലവമായിമാറുമെന്നാണ് വിലയിരുത്തല്‍. ട്രയല്‍ റണ്‍ പൂര്‍ത്തിയായി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ആദ്യം നടപ്പാക്കുക. ബിഎസ്എന്‍എലിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ റോബര്‍ട്ട് ജെ. രവി മുന്നോട്ടുവെച്ച ആശയമാണ് ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് 'സര്‍വത്ര'യായി എത്തുന്നത്. മൊബൈല്‍ ഡേറ്റയ്ക്കുവേണ്ടി ചെലവാകുന്ന തുക വലിയതോതില്‍ കുറയ്ക്കാനാകുമെന്നതാണ് പ്രത്യേകത.
' സര്‍വത്ര' ഇങ്ങനെ
വീട്ടിലോ സ്ഥാപനത്തിലോ എടുത്തിട്ടുള്ള ബിഎസ്എന്‍എലിന്റെ ഫൈബര്‍ ടു ദ ഹോം (എഫ്ടിടിഎച്ച്) ആണ് പദ്ധതിയുടെ അടിസ്ഥാനം. ഈ കണക്ഷനിലെ ഇന്റര്‍നെറ്റ് ബിഎസ്എന്‍എലിന്റെ മറ്റൊരു ഫൈബര്‍ ടു ദ ഹോം കണക്ഷനുള്ള സ്ഥലത്തുപയോഗിക്കാം. 'സര്‍വത്ര'യുടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന എഫ്ടിടിഎച്ച് കണക്ഷനുകളിലൂടെയാണ് ഇത് സാധ്യമാകുക.
രജിസ്റ്റര്‍ചെയ്യുമ്പോള്‍ കണക്ഷനുകള്‍ 'സര്‍വത്ര എനേബിള്‍ഡ്' ആയിമാറും. പരമാവധി കണക്ഷനുകള്‍ രജിസ്റ്റര്‍ചെയ്യാന്‍ ബിഎസ്എന്‍എല്‍ അഭ്യര്‍ഥിക്കും. 'സര്‍വത്ര എനേബിള്‍ഡ്' ആണെങ്കില്‍ രണ്ടാമത്തെ കണക്ഷന്റെ വൈഫൈ പാസ് വേഡോ യൂസര്‍ ഐഡിയോ അറിയേണ്ട കാര്യവുമില്ല. ഒരു വെര്‍ച്വല്‍ ടവര്‍ ആയിട്ടാകും സര്‍വത്ര പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക.
സുരക്ഷ ഉറപ്പ്
മറ്റൊരു മോഡം ഒരു സഞ്ചാരപാതയായി മാത്രം ഉപയോഗിക്കുന്നതിനാല്‍ സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കവേണ്ട. സര്‍വത്രയുടെ സേവനങ്ങള്‍ കൃത്യമാക്കാന്‍ 'വണ്‍ നോക്' എന്ന സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ബി. സുനില്‍കുമാര്‍ അറിയിച്ചു.
Wi-Fi at home wherever you go; BSNL now 'Sarvatra'