മേപ്പയൂര്‍ : ചെറുവണ്ണൂര്‍ ജ്വല്ലറി കവര്‍ച്ചാ സംഘത്തെ പൊലീസ് പിടി കൂടിയത് അതി സാഹസികമായി. മേപ്പയ്യൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ചെറുവണ്ണൂര്‍ പവിത്രം ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതികളില്‍ ഒരാളായ ബീഹാര്‍ കിഷന്‍ ഗഞ്ച് ജില്ലയിലെ ദിഗല്‍ ബങ്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മങ്കുര ബാല്‍വാടങ്കി ഹൗസില്‍ മുഹമ്മദ് മിനാര്‍ ഉല്‍ഹഖ് (24) നെ ബീഹാറില്‍ വച്ച് പൊലീസ് പിടികൂടിയത്.
കണ്ണൂര്‍ സ്‌ക്വോഡ് സിനിമയില്‍ പൊലീസുകാര്‍ അനുഭവിച്ച സാഹസിക രംഗങ്ങളാണ് പ്രതിയെ പിടികൂടാന്‍ ഇവിടെയും നടന്നിരിക്കുന്നത്. ജൂലൈ 6-ാം തിയ്യതിയാണ് ജ്വല്ലറിയില്‍ കവര്‍ച്ച നടക്കുന്നത്. ഇസാഖ് മാംഗുര എന്നയാള്‍ കോഴിക്കോട് മുയിപ്പോത്ത്, പേരാമ്പ്ര ഭാഗങ്ങളില്‍ ജോലി ചെയ്തുവരികയുമായിരുന്നു.
ജൂലൈ അഞ്ചിന് ബീഹാറില്‍ നിന്നും മുഹമ്മദ് മിനാര്‍ ഉല്‍ഹഖ് കേരളത്തിലെത്തുകയും ജൂലൈ 6 ന് പുലര്‍ച്ചെ ജ്വല്ലറിയുടെ പിന്നിലെ ചുവര്‍കുത്തിത്തുറന്ന് കവര്‍ച്ച നടത്തുകയുമായിരുന്നു. 250 ഗ്രാമോളം സ്വര്‍ണ്ണവും 5 കിലോഗ്രാം വെളളിയാഭരണങ്ങളും കവര്‍ച്ച നടത്തി യാതൊരു തെളിവും അവശേഷിപ്പിക്കാതെ പുലര്‍ച്ചെ നാട്ടിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം രക്ഷപ്പെടുകയുമായിരുന്നു.
പൊലീസ് ആഴ്ചകളോളം പരിശ്രമിക്കുകയും, തുടര്‍ന്ന് മുയിപ്പോത്ത് സിസിടിവി ക്യാമറയില്‍ 6 ന് പുലര്‍ച്ചെ രണ്ടുപേര്‍ വേഗത്തില്‍ നടന്നു പോകുന്ന ചിത്രം പൊലീസിന് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ കാലയളവില്‍ നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി വിവരം ശേഖരിക്കുന്നത്. തുടര്‍ന്ന് മുയിപ്പോത്ത് മുഹമ്മദ് ഹാജിയുടെ ബില്‍ഡിങ്ങില്‍ താമസിച്ച രണ്ടുപേരെപ്പറ്റി അന്വേഷണം നടത്തുകയും പ്രതികളാണെന്ന് ഉറപ്പു വരുത്തിയത്. തുടര്‍ന്ന് വളരെ രഹസ്യമായി പൊലീസ് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. പ്രതികള്‍ ബീഹാര്‍ സ്വദേശികള്‍ ആണെന്ന് തിരിച്ചറിഞ്ഞു.
മുന്‍ പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് ചുമതലയേറ്റ ഡിവൈഎസ്പി വി.വി ലതീഷ് അന്വേഷണത്തിന് നേതൃത്വം നല്‍കുകയുമായിരുന്നു. അന്വേഷണസംഘത്തിലെ നാലുപേര്‍ ബീഹാറിലേക്ക് തിരിച്ചു. കോഴിക്കോട് റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര ഡിവൈഎസ്പി യുടെ പ്രത്യേക സ്‌ക്വാഡാണ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത്.
നേപ്പാള്‍ അതിര്‍ത്തിയില്‍ ഉള്ള ദിഗല്‍ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയില്‍ ആയിരുന്ന പ്രതിയെ വളരെ അപകടകരമായ സാഹചര്യത്തെ തരണം ചെയ്താണ് ബീഹാര്‍ പൊലീസിന്റെ സഹായത്തോടെ എസ്‌ഐ സുധീര്‍ ബാബു, എഎസ്‌ഐ ലിനേഷ്, എസ് സിപിഒ സിഞ്ചുദാസ്, സിപിഒ ജയേഷ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ രാത്രിയോടെ മേപ്പയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ബീഹാറിലെത്തി വളരെയേറെ അപകടമേറിയ, കൊടും കുറ്റവാളികള്‍ ഉള്‍പ്പെടെ വസിക്കുന്ന ദിഗല്‍ ബങ്ക്, കിഷന്‍ ഗഞ്ച് തുടങ്ങിയ പ്രദേശത്തു നിന്നും സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പ്രതിയെ പിടികൂടിയ അന്വേഷണ സംഘം കേരള പൊലീസ് സേനക്ക് തന്നെ അഭിമാനിക്കാന്‍ കഴിയാവുന്ന തരത്തിലുള്ള നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു.
മേപ്പയ്യൂര്‍ ഇന്‍സ്‌പെക്ടര്‍ ഷൈജുവിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ റഫീഖ്, സുധീര്‍ ബാബു, ലത്തീഫ് , എ എസ് ഐ മുനീര്‍ ഇ.കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി വിനീഷ്, എന്‍.എം ഷാഫി, ലസിത്ത്, സിഞ്ചുദാസ്, കെ.കെ ജയേഷ്, രതീഷ്, ലിനീഷ്, സൈബര്‍ സെല്‍ സി പി ഒ വിജീഷ്, അന്വേഷണത്തിനിടെ മരണപ്പെട്ട സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
It was an adventure when the police caught the Cheruvannur jewelery robbery