പേരാമ്പ്ര : പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പൈതോത്ത് റോഡ് ജനവാസകേന്ദ്രത്തില്‍ സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ 25 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന നീലോത്ത് മീത്തല്‍ എന്ന സ്ഥലത്താണ് സ്വകാര്യ മൊബൈല്‍ കമ്പനി ടവര്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ചത്.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചശേഷമാണ് നാട്ടകാര്‍ പ്രസ്തുത മൊബൈല്‍ ടവറിനെകുറിച്ച് അറിയുന്നത്. പ്രദേശവാസികളുടെയോ നാട്ടുകാരുടെയോ സമ്മതമില്ലാതെയാണ് ഇവിടെ ടവര്‍ നിര്‍മ്മാണം നടക്കുന്നത്. ഇവിടെ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെ നാട്ടുകാര്‍ സമരവുമായി മുന്നോട്ട് പോവുകയാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, സ്ഥലം എംപി എന്നിവര്‍ക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രി, എംഎല്‍എ, ജില്ല കലക്ടര്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് കൂടി വരും ദിവസങ്ങളില്‍ നിവേദനം നല്‍കും.
കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് അംഗം എം.കെ. ഷൈനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. എം.കെ. ഷൈനി, വാര്‍ഡ് കണ്‍വീനര്‍ ഗോപി മരുതോറ, കെ.എം. ശ്രീനിവാസന്‍, ആര്‍.കെ. മുഹമ്മദ്, അനീഷ് കര്‍മ്മ, കൊല്ലിയില്‍ ഇബ്രാഹിം, കെ.എം. പ്രകാശന്‍ എന്നിവര്‍ രക്ഷാധികാരികളായും കെ.എന്‍. സുധീഷ് ചെയര്‍മാനും കെ.എന്‍. അഭിലാഷ്, ഇസ്മയില്‍ നാഗന്‍ കണ്ടി, റിജിന്‍ ബാബു എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും എന്‍.എം ശിവേഷ് കണ്‍വീനറും പി.ബി രാജേഷ്, എന്‍.എം പക്രന്‍, എന്‍.എം. സൗമിനി എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും
യു.എം. സതീശന്‍ ട്രഷററായും ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. പ്രവര്‍ത്തി തടയുന്നത് ഉള്‍പ്പെടെ ശക്തമായ സമരവുമായി മുന്നോട്ട് പോവാന്‍ യോഗം തീരുമാനിച്ചു. സമരപന്തല്‍ നിര്‍മ്മിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
Locals are protesting against the mobile tower in Perambra