പേരാമ്പ്ര: ഇടക്ക വായനയില്‍ വിവിധ പാട്ടുകള്‍ വായിച്ച് വിസ്മയം തീര്‍ത്ത് കാണികള്‍ക്ക് ആസ്വാദകരമായി അക്കാദമി ഓഫ് ആര്‍ട്ട്‌സ്. പേരാമ്പ്രയിലെ കലാപഠനകേന്ദ്രത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നൃത്തവിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും വാര്‍ഷികാഘോഷ സപ്ലിമെന്റ് പ്രകാശനത്തിന്റെയും ഉദ്ഘാടന ചടങ്ങിലാണ് മണികണ്ഠന്‍ പെരിങ്ങോടിന്റെ ഇടക്ക വായന നടന്നത്.
ഒരു വാദ്യോപകരണത്തില്‍ നിന്ന് വിവിധ ശബ്ദങ്ങളുടെ താള ലയം തീര്‍ത്തത് കാണികള്‍ക്ക് കൗതുകമായി. സുരഭി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ കലയും സാഹിത്യവും മനുഷ്യനന്മക്കാണെന്നും സംഗീതം ആസ്വദിക്കുമ്പോള്‍ ലഭിക്കുന്ന ഏകാഗ്രതയും മാനസിക ഉല്ലാസവും മനുഷ്യ മനസ്സിനെ പരിശുദ്ധമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോപാന സംഗീതത്തെക്കുറിച്ചും ഇടക്ക വാദ്യത്തെക്കുറിച്ചും പുതു തലമുറക്ക് പുതു അറിവ് പകര്‍ന്നതായിരുന്നു പ്രഭാഷണം. ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എ.കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ പി.എന്‍ മുരളീധരന്‍ സപ്ലിമെന്റ് ഏറ്റുവാങ്ങി. അക്കാദമി ഡയറക്ടര്‍ രാജന്‍ കുട്ടമ്പത്ത്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വി.എം. അഷറഫ്, കെ. അജയന്‍, എം. ബലഭദ്രന്‍,സിഡു പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നൃത്തവിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നടന്നു.
Debut and supplement release of Acting Students with awe at Idaka Vadam