തുറയൂര്‍: അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ തുറയൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ധര്‍ണ്ണ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. തുറയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ വാര്‍ഡ് വിഭജനം പുനഃപരിശോധിച്ച് ശാസ്ത്രീയമായരീതിയില്‍ വീണ്ടും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സൗകര്യപ്രദമായ പോളിങ് ബൂത്തുകളുടെ ലഭ്യതയും ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളും പരിഗണിക്കാതെയും ജനസംഖ്യാനുപാതം കണക്കിലെടുക്കാതെയുമുള്ള അശാസ്ത്രീയ വാര്‍ഡ് വിഭജനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഡി ലിമിറ്റേഷന്‍ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അതിര്‍ത്തികള്‍ നിശ്ചയിച്ചിരിക്കുന്നത് എല്‍ഡിഎഫ് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും അവിശുദ്ധ കൂട്ടുകെട്ടില്‍ പിറന്ന കരട് പട്ടികക്കെതിരെ ഡീലിമിറ്റേഷന്‍ കമ്മീഷന് പരാതി നല്‍കുകയും ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുകയും, കോടതിയെ സമീപിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കോവുമ്മല്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.പി വേണു, ലതീഫ് തുറയൂര്‍, മുനീര്‍ കുളങ്ങര, ഇ.കെ ബാലകൃഷ്ണന്‍, ടി.പി അസീസ്, സി.കെ അസീസ്, ബാലന്‍, എ.കെ കുട്ടികൃഷ്ണന്‍, പാവട്ട കുറ്റി മൊയ്ദീന്‍, ഹാജറ പാട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
UDF protest dharna in front of Thurayur Panchayat office