കോഴിക്കോട് : പ്രശസ്ത ആര്‍ക്കിടെക്ട് ആര്‍.കെ. രമേഷ് (79) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11.30 ന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍. കോഴിക്കോട്ടെ ശ്രദ്ധേയമായ പല നിര്‍മിതികള്‍ക്ക് പിന്നിലും രമേഷിന്റെ കയ്യൊപ്പ് കാണാം. മാനാഞ്ചിറ ചത്വരം, ബീച്ച് നവീകരണത്തിന്റെ ആദ്യ ഘട്ടം, കോര്‍പ്പറേഷന്‍ സ്റ്റേഡിയം രണ്ടാം ഘട്ടം, സരോവരം പാര്‍ക്ക്, ബേബി മെമ്മോറിയല്‍ ആശുപത്രി അങ്ങനെ അത് നീളുന്നു. പരിസ്ഥിതിയോട് ചേര്‍ന്നുനില്‍കുന്ന രൂപകല്‍പനയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
കേരള സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചര്‍ ബിരുദം നേടിയ അദ്ദേഹം 55 വര്‍ഷത്തിലേറെയായി കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചുവന്നത്. ഷെല്‍ട്ടര്‍ ഗൈഡന്‍സ് സെന്റര്‍ ഫോര്‍ കോസ്റ്റ് എഫക്റ്റീവ് സിസ്റ്റംസ് ഓഫ് കണ്‍സ്ട്രക്ഷന്‍ ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. ചെലവു കുറഞ്ഞ നിര്‍മ്മാണത്തിനുള്ള സൗജന്യ ഉപദേശങ്ങള്‍ നല്‍കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയായ 'ഭവന'ത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു.

2010-ല്‍ 'നിര്‍മാണ്‍ പ്രതിഭ' പുരസ്‌കാരം ലഭിച്ചു. 1989-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റിന്റെ ആദ്യത്തെ ദേശീയ വാസ്തുവിദ്യാ പുരസ്‌കാരം നേടി. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ ചെലവു കുറഞ്ഞ വീടുകള്‍ക്കുള്ള മികവിനുള്ള പുരസ്‌കാരം, കേരള സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഓള്‍ ഇന്ത്യ ലോ കോസ്റ്റ് ഹൗസിങ് മത്സരത്തില്‍ ഒന്നാം സമ്മാനം. 2004-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ ദക്ഷിണ മേഖലാ സമ്മേളനത്തില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടി.
Famous architect R.K. Ramesh has passed away