പേരാമ്പ്ര: പേരാമ്പ്രയില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന അക്കാദമി ഓഫ് ആര്‍ട്സിന്റെ വാര്‍ഷികാഘോഷം ബഹാര്‍ 2024 ന് സമാപനമായി. 2024 ആഗസ്റ്റ് 21 ന് തുടക്കം കുറിച്ച 20-ാം വാര്‍ഷികാഘോഷം ബഹാര്‍ 2024 വിവിധങ്ങളായ 20 പരിപാടികളോടെയാണ് സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി ഗുരുവായൂരില്‍ നൃത്ത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം, ഞെരളത്ത് ഹരിഗോവിന്ദന്‍ നിര്‍വ്വഹിച്ച സപ്ലിമെന്റ് പ്രകാശനം, നടനവേദി, എളമാരന്‍ കുളങ്ങര ക്ഷേത്രത്തില്‍ നടന്ന മേളപ്രവേശം എന്ന ചെണ്ട മേള അരങ്ങേറ്റം എന്നിവ നടന്നു കഴിഞ്ഞു. ബഹാര്‍ 2024 ന്റെ സമാപനം പേരാമ്പ്ര ചെമ്പ്ര റോഡ് പരിസരത്ത് ഒരുക്കിയ അക്കാദമി നഗറില്‍ വെച്ച് നടന്നു.
വിലങ്ങാടിനൊരു കൈത്താങ്ങായി ചിത്രകലാ വിദ്യാര്‍ത്ഥികളുടെ ചിത്രപ്രദര്‍ശനവും ചിത്രവില്പനയും, തുടര്‍ന്ന് സ്വരരാഗ സുധ, മ്യൂസിക് ഫ്യൂഷന്‍, മ്യൂസിക് ഫെസ്റ്റ്, കുടുംബശ്രീ കലാമേളയും തിരുവാതിര മത്സരവും, സാംസ്‌ക്കാരിക ഘോഷയാത്രയും. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനം കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പുരുഷന്‍ കടലുണ്ടി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവ് പ്രൊഫ. കെ.പി. രാമനുണ്ണി മുഖ്യാതിഥിയായി പങ്കെടുത്തു.
സമാപന ദിവസമായ ശനിയാഴ്ച അക്കാദമി ഓഫ് ആര്‍ട്‌സിലെ ചെണ്ട വിദ്യാര്‍ത്ഥികളുടെ മേളപ്പെരുക്കം എന്ന പേരില്‍ ചെണ്ട മേളം അവതരണം നടന്നു. തുടര്‍ന്ന് കരോക്കെ ഗാനമേള, നൃത്യരസം, വെസ്റ്റേണ്‍ ഡാന്‍സ് എന്നിവയും അരങ്ങേറി. പേരാമ്പ്രയിലെ കലാസ്വാദകര്‍ക്ക് മികച്ചൊരു കലാസദ്യയായി മാറി അക്കാദമി ഓഫ് ആര്‍ട്‌സിന്റെ 20-ാം വാര്‍ഷികാഘോഷം.
വൈകിട്ട് നടന്ന സമാപന സമ്മേളനം പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്രയുടെ മണ്ണിലെത്തിയ വിദ്യാധരന്‍ മാസ്റ്ററെ അധ്യാപകരും വിദ്യാര്‍ത്ഥികളും സംഘാടകരും ചേര്‍ന്ന് പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചാനയിച്ചു. അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ സ്വാഗതഗാനത്തോടെ പരിപാടിക്ക് തുടക്കമായി. സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ വി.എസ്. രമണന്‍ അധ്യക്ഷത വഹിച്ചു. വിദ്യാധരന്‍ മാസ്റ്റര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
The annual celebration of the Academy of Arts concluded on Bahar 2024