പേരാമ്പ്ര : കംബോഡിയയില്‍ തടങ്കലിലാക്കി തട്ടിപ്പ് സംഘത്തിന്റെ കൈയിലകപ്പെട്ട പേരാമ്പ്ര സ്വദേശിയെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. പേരാമ്പ്ര കൂത്താളി പനക്കാട് ആശാരിമുക്കില്‍ മാമ്പള്ളി അബിന്‍ ബാബുവിനെ (25) നെയാണ് കണ്ടെത്താനുള്ളത്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഇവരെ സംഘം വലയിലാക്കിയത്. തട്ടിപ്പു സംഘത്തില്‍ നിന്നും ദിവസങ്ങളോളം ക്രൂരമായി മര്‍ദ്ദനമേറ്റ് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി ഏഴു മലയാളി യുവാക്കളെ നാട്ടിലെത്തിച്ചു.
പ്രശ്നമൊന്നുമില്ലെന്ന് അബിന്‍ ബാബു അറിയിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ക്കായി അധികൃതര്‍ അന്വേഷണം നടത്തിവരുകയാണ്. യുവാവുമായി വീട്ടുകാര്‍ക്ക് ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. സുരക്ഷിതനാണെന്നും എന്നാല്‍ അവിടെനിന്ന് രക്ഷപ്പെട്ടു പോരാന്‍ പ്രയാസമാണെന്നും ബന്ധുക്കളെ അറിയിച്ചു.
രക്ഷപ്പെട്ടവരെ നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം തുടങ്ങിയതായിയാണ് അറിയാന്‍ കഴിഞ്ഞത്. അബിന്‍ ബാബുവിനെ (25) തട്ടി ക്കൊണ്ടുപോയതിന് നാലാളുകളുടെ പേരില്‍ പേരാമ്പ്ര പൊലീസ് കേസെടുത്തു. തേക്കെമലയില്‍ അനുരാഗ്, സെമില്‍ എന്നിവരുടെയും കണ്ടാലറിയുന്ന രണ്ടാ ളുകളുടെയും പേരിലാണ് കേസെടുത്തിരിക്കുന്നത്.
ബാങ്കോക്കില്‍ ജോലിരാമെന്നു വിശ്വസിപ്പിച്ച് ഒക്ടോബര്‍ ഏഴിന് രാത്രി എട്ടോടെ ഒന്നാംപ്രതി അനുരാഗിന്റെ നിര്‍ദേശപ്രകാരം രണ്ടാംപ്രതി സെമില്‍, അബിന്‍ ബാബുവിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയെന്നും കംബോഡിയയിലേക്ക് കൊണ്ടുപോയി രഹസ്യമായി തടവില്‍ പാര്‍പ്പിക്കുന്നുവെന്നുമാണ് അബിന്‍ ബാബുവിന്റെ പിതാവ് ബാബുവിന്റെ പേരാമ്പ്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
മണിയൂര്‍ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂല്‍ താഴ അരുണ്‍, പിലാവുള്ളതില്‍ സെമില്‍ ദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തല്‍ അശ്വന്ത്, എടപ്പാള്‍ സ്വദേശി അജ്മല്‍, ബെംഗളൂരുവിലെ റോഷന്‍ ആന്റണി എന്നിവരാണ് നാട്ടിലേക്ക് തിരിച്ചത്. കംബോഡിയയില്‍ തട്ടിപ്പ് സംഘത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ടാക്സി ഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെട്ട് ഇവര്‍ കംബോഡിയയിലെ ഇന്ത്യന്‍ എമ്പസിയില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് നാട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.കെ. രമ എന്നിവരുടെ ഇടപെടലിന്റെ ഫലമായി വിഷയം സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയില്‍പെടുത്തുകയും എംബസിയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് നാട്ടിലേക്ക് തിരിച്ചു വരാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയുമായിരുന്നു.
തട്ടിപ്പ് സംഘത്തില്‍ നിന്നും പേരാമ്പ്ര സ്വദേശി അബിന്‍ ബാബുവിനെ കണ്ടെത്താന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
Efforts are on to trace the Perambra resident who was caught by a fraud gang in Cambodia