പേരാമ്പ്ര : ശശി തരൂര്‍ എംപി പേരാമ്പ്രയില്‍. വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് ശ്രദ്ധേയമായ അസറ്റ് പേരാമ്പ്ര സംഘടിപ്പിക്കുന്ന എഡ്യൂക്കേഷണല്‍ കോണ്‍ക്ലിവിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണവും നിര്‍വ്വഹിക്കുന്നതിനായാണ് ശശി തരൂര്‍ എത്തുന്നതെന്ന് അസറ്റ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ ഒന്നിന് കാലത്ത് ഒമ്പത് മണിക്ക് പേരാമ്പ്ര ടൗണ്‍ ഹാളിലാണ് പരിപാടി. പേരാമ്പ്ര മണ്ഡലത്തിലെ പ്രീ പ്രൈമറി മുതല്‍ കോളജ് തലം വരെയുള്ള വിഭാഗങ്ങളിലെ മികച്ച അധ്യാപകര്‍ക്കും, മികച്ച വിദ്യാഭ്യാസ, ഭിന്നശേഷി പ്രവര്‍ത്തകര്‍ക്കുമാണ് അവാര്‍ഡ്. ഏറ്റവും മികച്ച പിടിഎ ക്കും സെക്കന്‍ഡറി, പ്രൈമറി വിഭാഗങ്ങളില്‍ പുരസ്‌കാരം നല്‍കും.
പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നടയുമാണ് പുരസ്‌കാരം. മുന്‍ കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, മലപ്പുറം വിജയാഭേരി കോഡിനേറ്റര്‍ ടി സലിം, ബിന്നി സാഹിത് എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ചടങ്ങില്‍ അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും. ഡോ. എം.കെ മുനീര്‍ എംഎല്‍എ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കും. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
ഒരു മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളെയും അധ്യാപകരെ പുരസ്‌കാരം നല്‍കി ആദരിക്കുന്നത് കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ്. പേരമ്പ്രയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമായിട്ടാണ് അസറ്റ് ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതെന്നു ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി, ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട്, കോഡിനേറ്റര്‍ ചിത്ര രാജന്‍, യു.സി. അനീഫ, സൗദ റഷീദ് തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Shashi Tharoor MP in Perambra; Inauguration of Educational Conclave and Presentation of Education Awards on 1st November