പേരാമ്പ്ര: കേട്ടറിവ് മാത്രമുള്ള പഴയ കാലത്തെ ഉപകരണങ്ങള്‍ കണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അത്ഭുതവും ജിജ്ഞാസയും. ആവള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ മാനവികം പുരാവസ്തു പ്രദര്‍ശനത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിവിധ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
നൂറോളം വര്‍ഷം പഴക്കമുള്ള വീട്ടുപകരണങ്ങളും കൃഷിക്ക് ഉപകരിക്കുന്ന ആയുധങ്ങള്‍, പ്രതിരോധത്തിനുള്ള ആയുധങ്ങള്‍, വിളക്കുകള്‍, പഴയനാണയങ്ങള്‍, ആദ്യ റേഡിയോ, ടി വി, ടെലഫോണ്‍, മര അച്ചുകള്‍, ആദ്യകാല പത്രകള്‍, ഓലക്കൊട്ടകള്‍, താളിയോലകള്‍ മുതലായവ പ്രദര്‍ശിപ്പിച്ചാണ് ആവള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതുതലമുറയ്ക്ക് അതിശയം ജനിപ്പിച്ചത്.
തങ്ങള്‍ ഇന്ന് കാണുന്ന ആധുനിക ഉപകരണങ്ങളുടെ പഴയ കാല മാതൃകകള്‍ കണ്ടപ്പോള്‍ കുട്ടികള്‍ക്കും അത്ഭുതമായി. പഴയ തലമുറക്കാരില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഇവയെല്ലാം പുതുതലമുറയ്ക് വിസ്മയങ്ങളാണ്. ഒരു മ്യൂസിയത്തിലെന്നവണ്ണം അടുക്കി ഒതുക്കി കൃത്യമായ വിവരണങ്ങളോടെയാണ് എല്ലാം പ്രദര്‍ശിപ്പിച്ചത്. ഓരോന്നിനെക്കുറിച്ചും ആവശ്യക്കാര്‍ക്ക് വിശദീകരണം നല്‍കാന്‍ കുട്ടികളായ വളണ്ടിയര്‍മാരും ഉണ്ടായിരുന്നു.
സമീപത്തെ ഏഴോളം വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളും അധ്യാപകരും പ്രദര്‍ശനം കാണാനെത്തി. ആവള ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മാനവികം-ചരിത്ര പുരാവസ്തു പ്രദര്‍ശനം നടത്തിയത്.
പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അജിത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. മോനിഷ, എം.എം. രഘുനാഥ്, വി.പി. പ്രവിത, എ.കെ. ഉമ്മര്‍, ആര്‍.പി. ശോഭിഷ്, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സജീവന്‍, പ്രധാനാധ്യാപകന്‍ സന്തോഷ് കുമാര്‍, പിടിഎ പ്രസിഡന്റ് എം. ലിജി, എംപിടിഎ പ്രസിഡന്റ് വി.കെ. ഷിജി, എസ്എംസി ചെയര്‍മാന്‍ മൊയ്തു മലയില്‍, അമ്മത് തുടങ്ങിയവര്‍ സംസാരിച്ചു.
പങ്കെടുത്ത വിശിഷ്ട വ്യക്തികള്‍ ചരിത്രസ്മരണകളുടെ ക്യാന്‍വാസില്‍ ഒപ്പുവെച്ചു കൊണ്ട് ആണ് ആശംസകള്‍ നേര്‍ന്നു. ഗ്രാമപഞ്ചായത്തംഗം കെ.എം ബിജിഷ സ്വാഗതം പറഞ്ഞ ചടങ്ങിന് വിനോദന്‍ നന്ദിയും പറഞ്ഞു.
held historical and archaeological exhibition Avala Govt Higher Secondary School