പേരാമ്പ്ര: എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം വഖഫ് ഭേദഗതി ബില്ല് ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന വഖഫ് ഭേദഗതി ബില്ല് വിഭജന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും മുസ്ലിം സ്ഥാപനങ്ങളുടെ നടത്തിപ്പിനും, അനാഥ അഗതി സംരക്ഷണ പദ്ധതികള്‍ക്കായി വിനിയോഗിക്കാനും ദാനം നല്‍കപ്പെട്ട സ്വത്തുക്കള്‍ കയ്യടക്കാനുള്ള ബിജെപി സര്‍ക്കാറിന്റെ നീക്കം ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ മതേതര സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
ബാലാവകാശങ്ങളുടെ പേര് പറഞ്ഞ് സര്‍ക്കാര്‍ തലത്തില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ പോലുമില്ലാത്ത ഗ്രാമങ്ങളില്‍ എല്ലാ വിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന മദ്രസകള്‍ക്ക് എതിരായ നീക്കവും സര്‍ക്കാറിന്റെ വിവേചനത്തിന് മകുടോദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേരാമ്പ്ര നിയോജക മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തില്‍ മണ്ഡലം തലത്തില്‍ സമ്മേളനവും പഞ്ചായത്ത് തലങ്ങളില്‍ സംഗമങ്ങളും സമര പരിപാടികളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
എഴുത്തുകാരനും ആക്ടിവിസ്റ്റും ആയ കെ സാദത്ത്, ഐഎന്‍എല്‍ സംസ്ഥാന സമിതി അംഗം ആലിക്കുട്ടി, ഹമീദ് കൂടത്താങ്കണ്ടി, എസ്ഡിടിയു സംസ്ഥാന സമിതി അംഗം ഇസ്മായില്‍ കമ്മന, കെ.കെ കാസിം, ഹുസൈന്‍ അരിക്കുളം, മൂസ കീഴ്പയ്യൂര്‍, കെ.പി മുഹമ്മദ് അഷറഫ് എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ.പി നാസര്‍ അധ്യക്ഷത വഹിച്ച സംഗമത്തിന് സെക്രട്ടറി ഹമീദ് എടവരാട് സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി സി.കെ കുഞ്ഞിമൊയ്തീന്‍ നന്ദിയും പറഞ്ഞു.
SDPI Perambra Constituency organized a meeting to discuss the Waqf Amendment Bill