കോഴിക്കോട് : കലയുടെ ഭൂമിയില്‍ കണ്ടത് കണ്ണീരും രോഷവും. ഇതില്‍ ചതിയുണ്ട് ,വിധി നിര്‍ണ്ണായത്തില്‍ അപാകത ആരോപിച്ച് കലോത്സവത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഹൈസ്കൂൾ വിഭാഗം പെണ്‍കുട്ടികളുടെ നാടോടി നൃത്ത മത്സരത്തിന്റെ വിധി പ്രഖ്യാപിച്ചപ്പോള്‍ പ്രൊവിഡന്‍സ് സ്‌കൂളിലെ സദസ്സില്‍ പ്രതിഷേധമിരമ്പി. രണ്ട് തവണ സംസ്ഥാന തലത്തില്‍ സമ്മാനം ലഭിച്ച വിദ്യാര്‍ത്ഥിയെ പോലും പിന്നിലാക്കി സ്‌കൂളിലെ പിടിഎ പ്രസിഡന്റിന്റെ മകള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചതിനാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാണികളും ചേര്‍ന്ന് പ്രതിഷേധിച്ചത്.
അര്‍ഹതയുള്ളവര്‍ക്ക് യോഗ്യത നിഷേധിക്കുന്ന വിധികര്‍ത്താക്കളുടെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ വിധികര്‍ത്താക്കളെ സമീപിച്ചെങ്കിലും ഭക്ഷണം കഴിച്ചതിനുശേഷം മറുപടി പറയാം എന്ന് വിധികര്‍ത്താക്കള്‍ അറിയിച്ചു. ഏറെ നേരം കാത്തു നിന്നിട്ടും വിധികര്‍ത്താക്കളെ കാണാതായതോടെ വിദ്യാര്‍ത്ഥികള്‍ സ്റ്റേജില്‍ ഇരുന്ന് പ്രതിഷേധിച്ചു. നടക്കാവ് സബ് ഇന്‍സ്പെക്ടര്‍ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമായി സംസാരിച്ചെങ്കിലും പ്രശനപരിഹാരമായില്ല.
തങ്ങളുടെ സ്ഥാനം ഏതാണെന്ന് അറിയണം, വിധികര്‍ത്താക്കളുമായി സംസാരിക്കണം, പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും അപ്പീല്‍ പോകണം തുടങ്ങിയ ആവശ്യമാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇവയൊന്നും അംഗീകരിക്കാനോ വിദ്യാര്‍ത്ഥികളുമായി സംസാരിക്കാനോ വിധികര്‍ത്താക്കള്‍ തയ്യാറായില്ല.
പിന്നീട് കുട്ടികള്‍ ആ സ്റ്റേജില്‍ നിന്നും മാറിയില്ലെങ്കില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കും എന്ന് ഡിഡിഇ അറിയിച്ചതായി അനൗണ്‍സ് ചെയ്തു. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ പിന്മാറാന്‍ തയ്യാറായില്ല. കുട്ടികളെയും സ്‌കൂളിനെയും തുടര്‍ന്ന് മത്സരത്തില്‍ നിന്നും ചെയ്യുമെന്നും സ്‌കൂളിലെ അധ്യാപകര്‍ക്കും എതിരെ വകുപ്പുതല നടപടി എടുക്കുമെന്ന് ഭീഷണി മുഴക്കിയതോടെ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ സ്റ്റേജില്‍ നിന്നും നിര്‍ബന്ധിച്ചു മാറ്റുകയായിരുന്നു. തുടര്‍ന്ന് ഡിഡിയുമായി സംസാരിക്കാന്‍ അവസരം ഒരുക്കാം എന്ന് അറിയിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയത്.
കലോത്സവവേദികളില്‍ ഇത് പതിവാണെന്നും പലപ്പോഴും കഴിവുള്ള കുട്ടികള്‍ക്ക് അവസരം നിഷേധിക്കുന്ന കാഴ്ചകളാണ് കലോത്സവ വേദികളില്‍ കാണാന്‍ കഴിയുന്നതെന്നും ആണ് മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
There is deception in this; Protest at Kalothsava alleging malpractice in decision making