പേരാമ്പ്ര: പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹസ്ത ചാരിറ്റബിള്‍ ട്രെസ്റ്റ് ആരംഭിക്കുന്ന രാഷ്ട്രീയ പാഠശാലക്ക് തുടക്കമായി. പേരാമ്പ്ര എന്‍ഐഎം എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ എം എന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്തു.
അനീതികളെ നിര്‍ഭയമായി ചോദ്യം ചെയ്യാന്‍ യുവതലമുറയെ പരിശീലിപ്പിക്കണമെന്നും തിരുത്തല്‍ ശക്തിയായി ഇവര്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കുമെന്നും, ചരിത്ര ബോധമുള്ള ജനതയെ വളര്‍ത്താന്‍ രാഷ്ട്രീയ പാഠശാലകളിലൂടെ സാധിക്കും. സ്വന്തം ചേരിയില്‍ പെട്ടവര്‍ക്ക് വഴി പിഴക്കുമ്പോള്‍ അന്തസ്സോടെ ചോദ്യം ചെയ്യാനും എതിര്‍ക്കാനും കഴിയുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നതെന്നും അനീതികള്‍ വിമര്‍ശിക്കപ്പെടുമ്പോഴാണ് രാഷ്ടീയം അര്‍ത്ഥപൂര്‍ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലുടനീളം ചോദ്യങ്ങള്‍ ഉന്നയിച്ച മഹാനായിരുന്നു സോക്രട്ടീസ്. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയാത്ത സാഹചര്യം ജീവിത യോഗ്യമല്ലെന്നാണ് സോക്രട്ടീസിന്റെ വാദം ചോദ്യങ്ങളെയും വിമര്‍ശനങ്ങളെയും പ്രോത്സാഹിപ്പിച്ച ലോക നേതാവായിരുന്നു ജഹര്‍ലാല്‍ നെഹ്‌റുവെന്നും കാരശ്ശേരി പറഞ്ഞു. ദൈവം തികഞ്ഞ ജനാധിപത്യ വാദിയാണ്. എല്ലാ ദൈവങ്ങള്‍ക്കും പ്രതിയോഗികള്‍ ഉണ്ട്. പ്രതിനായകരെ ദൈവം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. ദൈവത്തിന്റെ ദര്‍ബാറില്‍ ഇബിലീസിനും ശൈത്താനും പിശാചിനും ലൂസിഫറിനും പ്രവേശനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. കാവില്‍.പി.മാധവന്‍, കെ. മധുകൃഷ്ണന്‍, ഒ.എം രാജന്‍, പി.കെ അനീഷ്, പി.എസ് സുനില്‍കുമാര്‍, വി.വി ദിനേശന്‍, എം.കെ സുരേന്ദ്രന്‍, വി.പി ഇബ്രാഹിം, അര്‍ഷാദ് മുടിലില്‍, വി.കെ രമേശന്‍, എന്‍.കെ കുഞ്ഞബ്ദുള്ള, കെ.വി ശശികുമാര്‍, ബാബു ചാത്തോത്ത്, ചിത്രാ രാജന്‍, ഇ.എം പത്മിനി, വി.ആലീസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
perambra Hasta Charitable Trust's political school begins