പേരാമ്പ്ര : കൂത്താളി -മുതുകാട് ഭൂസമര നേതാവും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എ.കെ. തെയ്യോന്റെ 44 -ാം ചരമ വാര്‍ഷികദിനം ആചരിച്ചു.
കാലത്ത് ചാത്തോത്ത് താഴയുള്ള തറവാട്ടു വളപ്പിലെ ശവകുടീരത്തില്‍ വിവിധ തലത്തിലെ സാമൂഹ്യപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചേര്‍ന്നു പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടത്തി.
ചരമ ദിനാചരണത്തിന്റെ ഭാഗമായി ഉത്തര കേരള പറയസഭ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ പരിപാടി പറയസഭ സംസ്ഥാന അധ്യക്ഷന്‍ എം. ബാവ ഉദ്ഘാടനം ചെയ്തു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നേതാവായിരുന്നു എ.കെ തെയ്യോനെന്നും എം.പി വീരേന്ദ്രകുമാര്‍, അരങ്ങില്‍ ശ്രീധരന്‍, പി.ആര്‍ കുറുപ്പ്, കെ. കുഞ്ഞിരാമക്കുറുപ്പ്, എം.വി. മാധവന്‍ എന്നീ സോഷ്യലിസ്റ്റ് നേതാക്കളോടൊപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും പൊലീസ് അധികാരികളുടെ ക്രൂരമര്‍ദ്ദനവും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്ന സോഷ്യലിസ്റ്റ് നേതാവും പറയ സമാജത്തിന്റെ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു എ.കെ. തെയ്യോനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനതാദള്‍ നേതാവ് ടി.കെ. ബാലഗോപാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. സുഭാഷ് അധ്യക്ഷത വഹിച്ചു. എ.കെ. മോഹനന്‍, ചന്ദ്രന്‍ നൊച്ചാട്, എ.എം. ബാലന്‍, ജനതാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് പി.കെ. ബിജു, പി. ശ്രീധരന്‍, ബാബു കൂട്ടാലിട എന്നിവര്‍ സംസാരിച്ചു.
Socialist leader AK Theyon death anniversary observed at koothali