---
title: "  ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം; ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണം കെജിഎംഒഎ"
english_title: "biometric punching system; KGMOA should address the concerns of employees"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/257726/biometric-punching-system-kgmoa-should-address-the-concerns-of-employees"
published_at: "2024-12-20T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676547797dd8d_anging.jpg"
keywords: []
---

#   ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം; ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണം കെജിഎംഒഎ

> **Lead Summary:** **കോഴിക്കോട്: **ആരോഗ്യ വകുപ്പില്‍ ഫേസ് റെകഗ്‌നിഷന്‍ അധിഷ്ഠിത ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം - ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കെജിഎംഒഎ.

## Article Content

**കോഴിക്കോട്: **ആരോഗ്യ വകുപ്പില്‍ ഫേസ് റെകഗ്‌നിഷന്‍ അധിഷ്ഠിത ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം - ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കെജിഎംഒഎ.

ഫേസ് റെകഗ്‌നിഷന്‍ അധിഷ്ഠിത ബയോ മെട്രിക് പഞ്ചിംഗ് വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് നിഷ്‌കര്‍ഷിച്ചതിനപ്പുറം കടന്ന് നിലവില്‍ പഞ്ചിംഗ് ആരംഭിക്കുക പോലും ചെയ്യാത്ത ആരോഗ്യ വകുപ്പിനു കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും ഫേസ് റെകഗ്‌നിഷന്‍ സംവിധാനം നടപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവായിരിക്കുന്നു.

പഞ്ചിംഗ് ഇതിനോടകം ആരംഭിച്ച സ്ഥാപനങ്ങളിലാണ് താത്കാലിക സംവിധാനം എന്ന നിലയില്‍ ഫേസ് റെകഗ്‌നിഷന്‍ അധിഷ്ഠിത ബയോ മെട്രിക് പഞ്ചിംഗിലേക്ക് മാറാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്.

ഡോക്ടര്‍മാരുടെ വ്യത്യസ്തമായ വിവിധ ഡ്യൂട്ടികള്‍ കണക്കിലെടുത്ത് ആവശ്യമായ തിരുത്തലുകളും ക്രമീകരണങ്ങളും നടത്തിയ ശേഷമേ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പില്‍ വരുത്തുകയുള്ളൂ എന്ന് സര്‍ക്കാര്‍ തന്നെ കെ.ജി.എം.ഒ.എ യെ രേഖാമൂലം അറിയിച്ചിരുന്നതുമാണ്.

സമാനമായ ഡ്യൂട്ടി സാഹചര്യങ്ങള്‍ ഉള്ള പൊലീസ്, ഫോറസ്ട്രി, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ് വിഭാഗങ്ങളെ ജോലിയുടെ സവിശേഷ സ്വഭാവം കണക്കിലെടുത്ത് ബയോ മെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുമുണ്ട്.

ഈ വസ്തുതകള്‍ ഒന്നും പരിഗണിക്കാതെയാണ് ഇപ്പോള്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കാന്‍ ഉത്തരവായിരിക്കുന്നത്.

ആരോഗ്യവകുപ്പില്‍ ഫേസ് റെകഗ്‌നിഷന്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം അടിയന്തിരമായി നടപ്പാക്കാനുള്ള തീരുമാനം വിവിധ പ്രായോഗിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നവയും ആവശ്യമായ മുന്നൊരുക്കത്തോടെ അല്ലാത്തതുമാണെന്നു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) അഭിപ്രായപ്പെടുന്നു.

ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ നിര്‍വ്വഹിക്കുന്ന ജോലികളുടെ വൈവിധ്യം, അനിശ്ചിതമായ ജോലിസമയങ്ങള്‍, എമര്‍ജന്‍സി ഡ്യൂട്ടികള്‍ എന്നിവ പരിഗണിക്കാതെയും, ആവശ്യമായ പരിശീലനവും സാങ്കേതിക സംവിധാനവും ഏര്‍പ്പെടുത്താതെ ധൃതിപ്പെട്ടുമാണ് ആണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

വ്യത്യസ്ത കേഡറുകളിലായി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ജോലി സമയവും, ജോലിയുടെ സ്വഭാവവും തികച്ചും വ്യത്യസ്തമാണ്. വ്യത്യസ്ത ജോലി സമയങ്ങള്‍ (വിവിധ ഷിഫ്റ്റുകള്‍) ,വിവിധ ജോലി ക്രമീകരണങ്ങള്‍, വര്‍ക്കിംഗ് അറേഞ്ചുമെന്റുകള്‍, സ്ഥാപനത്തിന് പുറത്തുള്ള മറ്റ് നിരവധി ഡ്യൂട്ടികള്‍, ഓണ്‍ലൈന്‍ - ഓഫ് ലൈന്‍ മീറ്റിംഗുകള്‍, ട്രെയിനിംഗുകള്‍, കോമ്പന്‍സേറ്ററി ഹോളിഡേ , കോമ്പന്‍സേറ്ററി ഓഫ് തുടങ്ങി മറ്റ് ഓഫീസ് ജീവനക്കാരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ജോലി സാഹചര്യങ്ങളും വ്യവസ്ഥകളുമാണ് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് ഉള്ളത്.

എമര്‍ജന്‍സി കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്ന ഗൈനക്കോളജി, സര്‍ജറി , അനസ്‌തേഷ്യോളജി, പീഡിയാട്രികസ്, കാര്‍ഡിയോളജി, ന്യൂറോളജി ഉള്‍പ്പടെയുള്ള വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ സാധാരണ ജോലി സമയത്തിന് പുറമേ ഇത്തരം എമര്‍ജന്‍സി കേസുകള്‍ അറ്റന്റ് ചെയ്യുന്നതിനായി അധിക സമയം. ചെലവിടേണ്ടി വരുന്നതും കണക്കിലെടുക്കേണ്ടതുണ്ട്.

ഒരേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പോലും

വ്യത്യസ്ത ഡ്യൂട്ടി സമയങ്ങളും ഡ്യൂട്ടി ഷെഡ്യൂളും ഉത്തരവാദിത്തങ്ങളുമാണ് നിലവില്‍ ഉള്ളത്.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ നിശ്ചിത സമയം പാലിക്കാതെതന്നെ ജോലി ചെയ്യേണ്ടി വരുന്ന വിഭാഗമാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍. മാത്രമല്ല ഒരു സ്റ്റാന്‍ഡേര്‍ഡൈസ് സ്റ്റാഫ് പാറ്റേണ്‍ ഉള്ള വകുപ്പല്ല ആരോഗ്യ വകുപ്പ്. അതു കൊണ്ട് തന്നെ ഒരേ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്കിടയിലും വ്യത്യസ്ത തരത്തിലുള്ള ഡ്യൂട്ടി ക്രമീകരണങ്ങള്‍ ജീവനക്കാര്‍ക്കിടയില്‍ നടപ്പിലാക്കിയാണ് പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെ സേവനം നല്‍കി മുന്നോട്ട് പോകുന്നത്.

പഞ്ചിംഗ് സംവിധാനം നടപ്പില്‍ വരുത്തുന്നതിന് മുന്‍പ് ഇത്തരത്തില്‍ ജീവനക്കാരുടെ വ്യത്യസ്ത ജോലി ക്രമങ്ങള്‍ സിസ്റ്റത്തില്‍ ഉറപ്പു വരുത്താന്‍ സാധിക്കുന്നതാണോ എന്ന് ജീവനക്കാരുടെ സംഘടനകളുമായി ഒരു ആശയ വിനിമയവും നടത്തിയിട്ടില്ല.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഫേസ് റെകഗ്‌നിഷന്‍ സംവിധാനം, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണ്‍ ഉള്ളവര്‍ക്കും പ്രയോജനകരമല്ല എന്നതും , സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്ത നിരവധി ജീവനക്കാര്‍ എന്ത് ചെയ്യണം എന്നു വ്യക്തത വരുത്താത്തതും ഈ സംവിധാനത്തിന്റെ പരിമിതിയാണ് .

കൂടാതെ,വ്യക്തിഗത ഫോണില്‍ സെക്യൂരിറ്റി റിസ്‌ക് ഉള്ള അപരിചിത ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന സുരക്ഷാ പിഴവുകളും, സ്വകാര്യതാ ഭീഷണിയും , വിവര ചോര്‍ച്ചയെക്കുറിച്ചുമുള്ള ആശങ്കകളും പരിഹരിക്കേണ്ടതാണ് .

അതിനാല്‍, ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയ പ്രശ്‌നപരിഹാരങ്ങള്‍ അവശ്യ സര്‍വ്വീസായ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സവിശേഷ ജോലി സാഹചര്യങ്ങള്‍ പരിഗണിച്ച് സാധ്യമാണെങ്കില്‍ മാത്രമെ ഇത് പ്രാബല്യത്തില്‍ വരുത്താവൂ എന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

ആരോഗ്യവകുപ്പിലെ സേവനങ്ങള്‍ക്ക് തടസ്സം ഉണ്ടാകാത്ത വിധത്തില്‍ ദീര്‍ഘ വീക്ഷണത്തോടു കൂടി എല്ലാവരെയും വിശ്വാസത്തിലെടുത്തു കൊണ്ട്, നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചു മുന്നോട്ട് പോകണമെന്നും സംഘടന ആവശ്യപ്പെടുന്നു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/257726/biometric-punching-system-kgmoa-should-address-the-concerns-of-employees)