കുറ്റ്യാടി: പുറക്കാട്ടിരി കുറ്റ്യാടി മാനന്തവാടി മൈസൂര്‍ ദേശീയപാത വികസന സമിതിയുടെ നേതൃത്വത്തില്‍ നിര്‍ദിഷ്ട ദേശീയ പാത പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇമെയില്‍ സമരം ആരംഭിച്ചു. ചാത്തന്‍കോട് A.J ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മാനേജര്‍ ഫാദര്‍ സിജോ എളക്കാരോട്ട് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിക്കും സംസ്ഥാന മന്ത്രി മുഹമ്മദ് റിയാസിനും ഇമെയില്‍ സന്ദേശം അയച്ചുകൊണ്ട് ഒരു മാസം നീണ്ടുനില്‍ക്കുന്ന ഇമെയില്‍ ക്യാമ്പയിന്‍നു തുടക്കം കുറിച്ചു.
നമ്മുടെ സ്‌കൂളുകളും അധ്യാപകരും വിദ്യാര്‍ത്ഥികളും സ്ഥാപനങ്ങളും പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഈ ദൗത്യം ഏറ്റെടുത്ത് കേന്ദ്രസംസ്ഥാന ഗവണ്‍മെന്റ്കള്‍ക്ക് ഈമെയില്‍ അയക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ സന്ദേശം അയക്കുന്നതിന് വേണ്ടി റോഡുകള്‍ കടന്നുപോകുന്ന വിവിധ ഭാഗങ്ങളില്‍ സജീകരിച്ച കേന്ദ്രങ്ങള്‍ ഉപയോഗിക്കും സമൂഹ മാധ്യമങ്ങളില്‍ എല്ലാം Q R കോഡുകളും ലിങ്കുകളും പ്രചരിപ്പിക്കുന്നുണ്ട്, ഇതിനായി പ്രത്യേക IT വിങ്ങ് അഭിലാഷ് പാലഞ്ചേരി ചെയര്‍മാനായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യക ഡെമോ വീഡിയോ തയാറാക്കി പ്രചരിപ്പിക്കുന്നതാണ്.
ഈ ദേശീയപാതയ്ക്ക് വേണ്ടി കേന്ദ്രമന്ത്രിസഭ 7134 കോടി രൂപ വകയിരുത്തിയതായി 2022 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന ആകാശപാതയുടെ ഉദ്ഘാടനവേളയില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിക്കുകയുണ്ടായി. പിന്നീട് ഈ വിവരം രാഹുല്‍ഗാന്ധി എംപിയെ രേഖാമൂലം അറിയിച്ചു അതിനുശേഷം 2024വരെ പലതവണ ബഹുമാന്യനായ കേന്ദ്രമന്ത്രി ഈ പ്രഖ്യാപനം ആവര്‍ത്തിക്കുകയുണ്ടായി
2024 ജൂണില്‍ പദ്ധതിയുടെ ഡിപി ആറും മറ്റും തയ്യാറാക്കുന്നതിന് ഹാസിയാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈതന്യ പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിക്കുകയുണ്ടായി. ഇപ്പോള്‍ ബഹുമാനപ്പെട്ട വടകര എംപി ഷാഫി പറമ്പിലിനെ ഈ ദേശീയ പാത നിലവില്‍ കേന്ദ്രത്തിന്റെ പരിഗണനയില്‍ ഇല്ല എന്ന് കേന്ദ്രമന്ത്രി അറിയിച്ച ഈ സാഹചര്യത്തില്‍ ആണ് വികസന സമിതിയുടെ നേതൃത്വത്തില്‍ ഈമെയില്‍ സമരം ആരംഭിച്ചിരിക്കുന്നത്. 2011 മുതല്‍ മലബാറിലെ ആയിരക്കണക്കിന് യാത്രക്കാര്‍ യാത്രാനിരോധനം മൂലം ദുരിതം അനുഭവിക്കുകയാണ്, 2018 മുതല്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തുകയാണ്, ഈ പാത കടന്നുപോകുന്ന മുഴുവന്‍ നിയോജകമണ്ഡലങ്ങളിലെ എംഎല്‍എമാര്‍ , ഒ ആര്‍ കേളു എം ല്‍ എ, ഇ കെ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു, ഇതിനെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ചര്‍ച്ച നടത്തുകയുണ്ടായി ഇതിനു ശേഷമാണ് ഈ പാത തത്വത്തില്‍ അംഗീകരിക്കുകയും തുക വകയിരുത്തുകയും ചെയ്തത്
1 പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍സി യെ ചുമതലപ്പെടുത്തിയ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കല്‍ , അലൈന്‍മെന്റ് നിര്‍ണയിക്കല്‍ തുടങ്ങിയ കരാര്‍ പുനരാരംഭിക്കുക
2. കേന്ദ്ര ഗതാഗത ദേശീയപാത വികസന വകുപ്പ് മന്ത്രി ഇ പാതയോട് നീതി പാലിക്കുക
3 .കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ വീണ്ടും ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ഇമെയില്‍ സമരത്തില്‍ ആവശ്യപ്പെടുന്നത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി ,സുരേഷ് ഗോപി ജോര്‍ജ് കുര്യന്‍ ബന്ധപ്പെട്ട എംപിമാരായ ശ്രീമതി പ്രിയങ്ക ഗാന്ധി, ഷാഫി പറമ്പില്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി,ജോസ് കെ മാണി എം പി, ഫ്രാന്‍സിസ് ജോര്‍ജ് എംപി, പ്രേമചന്ദ്രന്‍ എം പി തുടങ്ങിയ നേതാക്കള്‍ക്ക് ഇതിനകം രജിസ്റ്റേഡ് തപാലിലും ഈമെയിലിലും നിവേദനം അയച്ചിട്ടുണ്ട്.
ഈ ദേശീയപാത വിഷയത്തില്‍ പരിഹാരമുണ്ടാക്കുന്നതിന് കേന്ദ്ര-സംസ്ഥാനം ഗവണ്‍മെന്റുകളും ജനപ്രതിനിധികളും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ തുടര്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്നും നീതിക്കുവേണ്ടി ഹൈക്കോടതിയെ സമീപിക്കേണ്ടി വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
യോഗത്തില്‍ ദേശീയപാത വികസന സമിതി ചെയര്‍മാന്‍ കെ എ ആന്റണി അധ്യക്ഷത വഹിച്ചു, കോര്‍ഡിനേറ്റര്‍ സോജന്‍ ആലക്കല്‍, കണ്‍വീനര്‍ ഡൊമിനിക് കളത്തൂര്‍, അഭിലാഷ് പാലഞ്ചേരി, സണ്ണി ഞെഴുകുംകാട്ടില്‍, ജിജി കട്ടക്കയം, ജോര്‍ജ് വയലില്‍, എന്‍ കെ രാജന്‍, ജോസ് പൂന്തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Proposed Purakkattiri Mysore Greenfield Highway Problem Solution Email Campaign Launched