പേരാമ്പ്ര: ബൈപാസില്‍ കക്കൂസ് മാലിന്യം തള്ളിയ വാഹനം കണ്ടെത്തി വാക്ക് പാലിച്ച സാഹചര്യത്തിലാണ് പൊലീസിന് സ്വീകരണമൊരുക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ജോനയുടേയും സല്‍മ നന്മനക്കണ്ടിയുടേയും നേതൃത്വത്തില്‍ ബൈപാസിനു സമീപം നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൊലീസിന് അനുമോദന പരിപാടി സംഘടിപ്പിച്ചു.

നാട്ടുകാര്‍ സ്റ്റേഷനിലെത്തി മധുരവിതരണവും നടത്തി. മാലിന്യം തള്ളിയ വണ്ടി കണ്ടെത്താന്‍ നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ പി. ജംഷിദിനെ വാര്‍ഡ് അംഗം പി. ജോന പൊന്നാടയണിയിച്ചു.
തുടര്‍ച്ചയായി കക്കൂസ് മാലിന്യം തള്ളുന്ന പ്രതികളെ പിടികൂടാത്തതിനാല്‍ ജീവിതം ദുസ്സഹമായ സമീപവാസികള്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവന്നപ്പോള്‍ പേരാമ്പ്ര എസ്.എച്ച്.ഒ. ഇന്‍സ്‌പെക്ടര്‍ പി. ജംഷിദാണ് രണ്ട് ദിവസത്തിനുള്ളില്‍ പ്രതികളെ പിടിക്കുമെന്ന ഉറപ്പ് പ്രതിഷേധക്കാര്‍ക്ക് നല്‍കിയിരുന്നു.
തുടര്‍ന്ന് പേരാമ്പ്ര പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ മാലിന്യം തള്ളിയ വാഹനം കണ്ടെത്തി പൊലീസ് വാക്കുപാലിക്കുകയായിരുന്നു.
റസിഡന്റ് അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ രൂപീകരിച്ച് സംഘടിതരായാല്‍ മാത്രമേ ഇക്കാലത്ത് മയക്കുമരുന്ന്, മാലിന്യം നിക്ഷേപിക്കല്‍ തുടങ്ങി സാമൂഹ്യ വിപത്തുകളെ നേരിടാന്‍ പൊലീസിനെ കൂടുതല്‍ ഫലപ്രദമായി സഹായിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഇന്‍സ്‌പെക്ടര്‍ പി. ജംഷീദും സബ് ഇന്‍സ്‌പെക്ടര്‍ ഷമീറും നാട്ടുകാരെ ബോധ്യപ്പെടുത്തി.
കൗമാരപ്രായക്കാരെ വീടുകളില്‍ കൂടുതല്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ച് ശ്രദ്ധിക്കാന്‍ രക്ഷിതാക്കള്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് അംഗം സല്‍മ നന്മനക്കണ്ടി, കെ. പത്മനാഭന്‍, കെ.എം. ബാലകൃഷ്ണന്‍, ശ്രീധരന്‍ കല്ലാട്ടുതാഴ, പി.കെ. റഹിം, രാമദാസന്‍, ജൂബിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Police keep their word; Locals prepared a reception and honored them