പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനായി നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. ഇന്ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രാദേശിക ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.

പെരുവണ്ണാമൂഴി അങ്ങാടിക്ക് സമീപം ജലവിഭവ വകുപ്പ് അനുവദിച്ച കുറ്റ്യാടി ജലസേചന പദ്ധതിയുടെ 50 സെന്റ് സ്ഥലത്താണ് 1.46 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് കോര്‍പ്പറേഷനാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മൂന്ന് നിലയില്‍ കെട്ടിടമുള്ള കോഴിക്കോട് റൂറല്‍ പരിധിയിലെ ഏക പൊലീസ് സ്റ്റേഷന്‍ ആണ് പെരുവണ്ണാമൂഴിയിലേത്. വിനോദ സഞ്ചാരകേന്ദ്രം കൂടിയായ പെരുവണ്ണാമൂഴിയിലെ പ്രധാന ആകര്‍ഷണമായി മാറും മനോഹരമായി നിര്‍മ്മിച്ച പൊലീസ് സ്റ്റേഷന്‍ കെട്ടിടം.
കെട്ടിടത്തിന്റെ നിര്‍മിതി വേറിട്ട അനുഭവമാണ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് സമ്മാനിക്കുക. താഴത്തെ നിലയുടെ പിന്‍ഭാഗം പ്രകൃതിയോട് ഇണങ്ങിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചുവര് നിര്‍മ്മിക്കാതെ സ്ഥലത്ത് ഉണ്ടായിരുന്ന പാറ നിലനിര്‍ത്തിയാണ് നിര്‍മ്മാണം. പാറയില്‍ നിന്നുള്ള നീരുറവയും മനോഹരമായ കാഴ്ചയാണ്.
പെരുവണ്ണാമൂഴി ഡാം സൈറ്റിനു സമീപം ജലസേചനവിഭാഗത്തിന്റെ സ്ഥലത്തായിരുന്നു മുന്‍കാലത്ത് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് പന്തിരിക്കരയിലെ വാടകക്കെട്ടിടത്തിലേക്കു മാറി. 31 പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്. ചക്കിട്ടപാറ, ചെമ്പനോട, പേരാമ്പ്ര, ചങ്ങരോത്ത് വില്ലേജുകളിലെ 152.08 ചതുരശ്ര കിലോമീറ്ററാണ് സ്റ്റേഷന്‍ പരിധി.
The new building of Peruvannamoozhi Police Station was inaugurated today