മേപ്പയ്യൂര്‍ : പുറക്കാമലയില്‍ ഖനനം നടത്താനുള്ള നീക്കം വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. ദേശീയ പാതയുടെ പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തുന്ന വഗാഡ് കമ്പനിക്ക് വേണ്ടി ഖനനം നടത്തുന്നതിനായി മണ്ണെടുക്കാനുള്ള നീക്കമാണ് പുറക്കാമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്.

ഇന്ന് കാലത്ത് തന്നെ മണ്ണ് മാന്തിയന്ത്രം ഉള്‍പ്പെടെ സ്ഥലത്ത് എത്തിച്ചിരുന്നു. വിവരമറിഞ്ഞ് പരിസരവാസികളായ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പാറപൊട്ടിക്കുന്നതിനുള്ള കംപ്രസര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി ഖനനം നടത്താനായി ആളുകള്‍ എത്തിയത് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞതോടെ പൊലീസ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 16 ഓളം സമര സമിതി പ്രവര്‍ത്തകരെയാണ് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ ജനങ്ങള്‍ വന്‍ പ്രതിഷേധം തീര്‍ക്കുകയായിരുന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത്, ജില്ല പഞ്ചായത്ത് അംഗം വി.പി. ദുല്‍ക്കിഫില്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തി പൊലീസും ഖനനത്തിനായി എത്തിയവരുമായി ചര്‍ച്ച നടത്തി. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലീസും ഖനനത്തിനായി എത്തിയവരും തിരിച്ചുപോവുകയായിരുന്നു.
സമാധാനമായി ജീവിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്നും അതിന് വേണ്ടി അതിശക്തമായി സമരത്തില്‍ ഉറച്ച് നില്‍ക്കുമെന്നും, ഒരു അറസ്റ്റ് കൊണ്ട് തീരുന്നതല്ല ഈ പ്രതിഷേധമെന്നും, ഇവിടെ അനധികൃതമായാണ് പ്രവര്‍ത്തി നടത്തുന്നതെന്നും, പൊലീസ് സമര ത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ജനകീയ സംരക്ഷണ സമതി പ്രവര്‍ത്തകര്‍ അറിയിച്ചു.
Tensions rise again in Purakamala; Protection Committee activists arrested