പേരാമ്പ്ര: സംസ്ഥാന സര്‍ക്കാറിന്റെ ഭൂരഹിതരില്ലാത്ത നവകേരളത്തിനായി 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' ലക്ഷ്യത്തിന്റെ ഭാഗമായി നടത്തിയ പട്ടയ വിതരണത്തില്‍ പേരാമ്പ്രയിലെ 126 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു.
പട്ടയമില്ലാത്തതിനാല്‍ തങ്ങളുടെ കൈവശമുള്ള ഭൂമി കൈമാറ്റം ചെയ്യാനാകാതെ ഒട്ടനവധി കുടുംബങ്ങളാണ് പ്രയാസം അനുഭവിച്ചത്. ഇത് മൂലം മക്കളുടെ വിവാഹം തുടങ്ങി അടിയന്തരാവശ്യങ്ങള്‍ക്ക് ഭൂമി പണയപ്പെടുത്തി വായ്പ എടുക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയിലായിരുന്നു ഇവര്‍. ഇതിനൊരു ആശ്വാസമായാണ് ഇപ്പോള്‍ നടന്ന പട്ടയ വിതരണം.

കഴിഞ്ഞ ദിവസം ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ വെച്ച് കൊയിലാണ്ടി -വടകര താലൂക്കുകളിലെ പട്ടയ രഹിതക്കായി നടത്തിയ പട്ടയമേളയിലാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. പേരാമ്പ്ര കൂടാതെ കൊയിലാണ്ടി 165, വടകര 110, കുറ്റ്യാടി 134, നാദാപുരം 125, ബാലുശ്ശേരി 40 പട്ടയങ്ങള്‍ എന്നിങ്ങനെ 700 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്തത്. വിവിധ കാരണങ്ങളാല്‍ ഇനിയും പട്ടയം ലഭിക്കാത്തവര്‍ നിരവധിയുണ്ട്. ഇതിനായി പരാതികളും സമരങ്ങളും മറ്റുമായി ഇവര്‍ രംഗത്തുണ്ട്. തങ്ങളുടെ പരാതികള്‍ക്കും ഉടന്‍ തീര്‍പ്പുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍
126 more people in Perambra received land titles