പേരാമ്പ്ര: മിഥുനമാസത്തിലെ അവസാന ദിവസം സന്ധ്യക്ക് വടക്കെ മലബാറിലെ ഓരോ വീട്ടില്‍ നിന്നും കലിയനെ വിളിക്കും. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടതെല്ലാം നല്‍കണമെന്നാണ് അവര്‍ കലിയനോട് അപേക്ഷിക്കുന്നത്. സന്ധ്യക്കാണ് കലിയന് കൊടുക്കല്‍ ചടങ്ങ് നടക്കുക. കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ട ഒരാചാരമാണിത്.
ഗ്രാമവാസികളുടെ ഐശ്യര്യത്തിനും സമ്പല്‍ സമൃദ്ധിക്കും ആവശ്യമായ തെല്ലാം കലിയന്‍ നല്‍കുമെന്നാണ് ഇതിന്റെ പിന്നിലുള്ള വിശ്വാസം. ചിലയിടങ്ങളില്‍ കര്‍ക്കിടകം ഒന്നിനും കാലിയന്‍ ആചരിച്ചു വരുന്നുണ്ട്. ചടങ്ങില്‍ കുട്ടികളാണ് പ്രധാനികള്‍. മുതിര്‍ന്നവരും പങ്കെടുക്കും.
ഈര്‍ക്കിള്‍, വാഴ തട്ട, പ്ലാവില, തുടങ്ങിയവ ഉപയോഗിച്ച് പശു ,കാള, ആട്, കോണി, കലപ്പ ,ആല, കൂട, ഏണി തുടങ്ങിയ കൃഷിയുമായി ബന്ധപ്പെട്ട രൂപങ്ങള്‍ നിര്‍മ്മിക്കും. പിന്നെ ചോറ്, കറി, ചക്ക, മാങ്ങ തുടങ്ങിയ ഭക്ഷണവും. ഇവയെല്ലാം ഒരു നാക്കിലയില്‍ ഒരുക്കി മുറത്തില്‍ വെക്കും.
നിലവിളക്ക് വെച്ച് തൊഴുത് ഓലച്ചൂട്ടു കത്തിച്ച ശേഷം 'കലിയാ കലിയാ കൂയ്.... ചക്കേം മങ്ങേം തന്നേച്ചു പോണെ....' എന്ന് ഉറക്കെ വിളിച്ചാര്‍ത്ത് കൊണ്ട് മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് മൂന്നു തവണ വീട് പ്രദിക്ഷണം വെക്കും. പിന്നീട് തൊടിയിലെ പ്ലാവിന്‍ ചുവട്ടിലെത്തി മുറത്തില്‍ ഒരുക്കിയ സാധനങ്ങളെല്ലാം കലിയന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. അതിന് ശേഷം ചരള് വാരി പ്ലാവിന്‍ മുകളിലേക്ക് എറിയും. വെളി പറച്ച് പുരപ്പുറത്തേക്ക് എറിയുന്ന ചടങ്ങും ഇതിലുണ്ട്.
ഓരോ വര്‍ഷത്തെയും കാര്‍ഷിക പുരോഗതിക്കും സമൃദ്ധമായ വിളവിനും കലിയന്‍ പ്രസാദിക്കുമെന്ന വിശ്വാസം. അതാണ് കലിയനെ വിളിച്ചു കൊടുക്കല്‍. ഇന്ന് ചിലയിടങ്ങലിലെങ്കിലും അന്യം നിന്ന് പോകാതെ ഈ ആചാരം വിപുലമായ രിതിയില്‍ തന്നെ ആഘോഷിച്ചു വരുന്നുണ്ട്.
'Kaliya, Kaliya, Koo... Please give me some mangoes and go...' at perambra