പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ 16-ാം വാര്‍ഡ് കന്നാട്ടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ നീന്തല്‍കുളം ഉദ്ഘാടനത്തിനായ് ഒരുങ്ങുന്നു. ജില്ലാ - ഗ്രാമപഞ്ചായത്തുകളുടെ 70 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വടക്കുമ്പാട് വഞ്ചിപ്പാറ മരാമത്ത് റോഡിന്റെ ഓരത്തായി കന്നാട്ടി വയലില്‍ തെരുവത്ത് അബ്ദുള്‍ മജീദ് സൗജന്യമായി വിട്ട് നല്‍കിയ സ്ഥലത്താണ് നീന്തല്‍കുളം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കന്നാട്ടി ഗ്രാമത്തിന്റെ ദൃശ്യമനോഹരിതക്ക് ഒരു തിലകക്കുറിയായി മാറിയിരിക്കുകയാണ് പുതിയ നീന്തല്‍കുളം. കുളം കാണാനും നീന്താനും ഫോട്ടോ ഷൂട്ടിനുമായി നിരവധി പേരാണ് ഇപ്പോള്‍ തന്നെ ഇവിടെ എത്തുന്നത്. കുളിമുറി, ടോയ്റ്റ്, ഡ്രസ്സിങ് റൂം തുടങ്ങിയ അനുബന്ധ സൗകര്യങ്ങളോടെയുമാണ് നീന്തല്‍കുളം നിര്‍മ്മിച്ചിരിക്കുന്നത്.

നീന്തല്‍ കുളത്തിന്റ ഉദ്ഘാടനം ജൂലൈ 28 ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.പി രാജേഷ് നിര്‍വ്വഹിക്കും. പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാഥിതിയാവും.
പരിപാടി വിജയിപ്പിക്കുന്നതിന് വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സംഘടകസമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം അരവിന്ദക്ഷന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എന്‍.പി. സത്യവതി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ കെ.വി കുഞ്ഞിക്കണ്ണന്‍ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു.
കെ.വി അശോകന്‍, എന്‍.പി. വിജയന്‍, വി.എം ദാസന്‍, കെ.എം ഇസ്മയില്‍, ശങ്കരന്‍ വരപ്പുറത്ത്, രവി കോങ്ങോട്ടുമ്മല്‍, പപ്പന്‍ കന്നാട്ടി, സി.വി. രജീഷ്, യു അനിത തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി എം. അരവിന്ദാക്ഷന്‍ (ചെയര്‍മാന്‍), എന്‍.പി സത്യവതി. ( കണ്‍വീനര്‍), എന്‍.പി വിജയന്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
Kannatti Swimming Pool prepares for inauguration; Organizing committee formed