പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വനിതാ വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളിലെ ജീവിതശൈലി രോഗങ്ങള്‍ക്കും മാനസിക സമ്മര്‍ദങ്ങള്‍ക്കും പരിഹാരമായാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വനിതാ വെല്‍നസ് സെന്റര്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്.
വനിതാ വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ എം റീന അധ്യക്ഷത വഹിച്ചു. 14.12 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ഫണ്ടും അഞ്ച് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചാണ് പേരാമ്പ്ര പൈതോത്ത് റോഡില്‍ സെന്ററിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

ഇരുപതോളം ആധുനിക വ്യായാമ ഉപകരണങ്ങളും യോഗ, സൂംബ ഡാന്‍സ് തുടങ്ങിയവക്കുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. രേഷ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത്സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ശ്രീലജ പുതിയെടുത്ത്, കെ പ്രിയേഷ്, മിനി പൊന്‍പറ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ലിസി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി ജോന, കെ.കെ പ്രേമന്‍, വിനോദ് തിരുവോത്ത്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ സഫല ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Perambra Grama Panchayat inaugurated the Women's Wellness Center