മേപ്പയ്യൂര്‍: കള്ളകര്‍ക്കിടകം. കലിതുള്ളുന്ന കാലവര്‍ഷം. വയ്യായ്മകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കര്‍ക്കിടകം പഞ്ഞ മാസമാണ്. കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും ചക്കയും മാങ്ങയും ഉള്‍പ്പെടെയുള്ള ഫലങ്ങള്‍ കൂടുതല്‍ ലഭിക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ ആചാരങ്ങളും അനുഷ്ടാനങ്ങളും നടത്താറുണ്ട്.
മിഥുനമാസത്തിലെ അവസാന ദിവസം ഇവ ആരംഭിക്കുന്നു. പഴയ കാല ആചാര അനുഷ്ടാനങ്ങളെ വീണ്ടെടുക്കാനും അത് പുതിയ തലമുറയെ പരിചയപ്പെടുത്താനും എല്ലാ വര്‍ഷവും വിളയാട്ടൂര്‍ - മൂട്ടപ്പറമ്പ് നിവാസികള്‍ കലിയനെ വരവേല്‍ക്കല്‍ പരിപാടി നാടിന്റെ ആഘോഷമായി സംഘടിപ്പിക്കുന്നു.

കിണ്ടിയില്‍ വെള്ളം എടുത്ത് മുറം കയ്യിലെടുത്ത് കലിയാ.... കലിയാ....... ചക്കേം മാങ്ങേം കൊണ്ടത്താ എന്നാര്‍ത്ത് വിളിച്ച് നടത്തിയ ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടക്കം നൂറ് കണക്കിനാളുകള്‍ അണിനിരന്നു. തുടര്‍ന്ന് വാഴത്തട കൊണ്ട് ഉണ്ടാക്കിയ കൂടയില്‍ പ്ലാവില വെച്ച് അതില്‍ വിഭവങ്ങള്‍ വെച്ച് പറമ്പിന്റെ തെക്ക് ഭാഗത്തുള്ള പ്ലാവിന്റെ ചുവട്ടില്‍ കൊണ്ട് പോയി വെയ്ക്കും.
സമാപന കേന്ദ്രത്തില്‍ സംഘാടകര്‍ പായസവും ഒരുക്കിയിരുന്നു. പരിപാടിക്ക് കൂനിയത്ത് നാരായണന്‍ കിടാവ്, സുനില്‍ ഓടയില്‍, എം.പി കേളപ്പന്‍, പി.സി. നാരായണന്‍ നമ്പ്യാര്‍, കീഴലാട്ട് സുധാകരന്‍, സി. കുഞ്ഞിരാമന്‍ നായര്‍, പ്രദീപ് മൂട്ടപ്പറമ്പില്‍, കെ.പി. കനകദാസ്, കെ.കെ. രാജേഷ്, പി.സി. കുഞ്ഞിരാമന്‍ നമ്പ്യാര്‍, പി.കെ. സുധാകരന്‍, പി.കെ. ഭാസ്‌കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Welcoming Kaliyan at Vilayattur - Residents of Moottaparamb