കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് മല ഭാഗത്ത് ശക്തമായ മഴയെ തുടര്‍ന്ന് തൊട്ടില്‍പ്പാലം പുഴയിലും കടന്തറ പുഴയിലും ശക്തമായ മഴവെള്ളപ്പാച്ചില്‍. ഇതേ തുടര്‍ന്ന് വൃക്കന്‍തോട് ഭാഗത്തുനിന്നും സെന്‍ട്രല്‍ മുക്ക് ഭാഗത്തുനിന്നുമായി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. കുറ്റ്യാടിപുഴ കരകവിഞ്ഞ് ഒഴുകുന്നു. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയതായി നാട്ടുകാരുടെ സംശയം.
കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. മുള്ളന്‍കുന്ന് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പട്ടിയാട്ട് പുഴയില്‍ അതിശക്തമായി വെള്ളം കൂടിവരുന്നു. ശക്തമായ കാറ്റും പ്രദേശത്ത് അനുഭവപ്പെടുന്നുണ്ട്. പുഴ നിറഞ്ഞ് ശക്തമായി ഒഴുകുന്നതിനാലും പശുക്കടവ് ഭാഗത്ത് വൈദ്യുതി ബന്ധം നിലച്ചതിനാലും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികാരികള്‍ അറിയിച്ചു.

The Kuttyadi River is flowing over its banks; there is a suspicion of a landslide in the forest area