പേരാമ്പ്ര: കാലത്തിന്റെ കുത്തൊഴുക്കില്‍ സംസ്‌ക്കാരത്തെ അടയാളെപ്പടുത്താന്‍ വീണ്ടുമൊരു കര്‍ക്കിടകം വന്നെത്തി. വീടിന് ചുറ്റും വൃത്തിയാക്കി തിന്മയുടെ പ്രതീകമായ ചേഷ്ട്ടയെ പുറത്താക്കി നന്മയുടെ പ്രതീകമായ ശീപോതിയെ അകത്ത് കുടിയിരുത്തി കൊണ്ടാണ് ഓരോ മലയാളിയും കര്‍ക്കിടകത്തെ വരവേല്‍ക്കുന്നത്. ഉമ്മറത്ത് അഷ്ടമംഗല്യം, ഓട്ടു കിണ്ടിയില്‍ ജലം, അരിയുടെ നിറനാഴിക, ദശപുഷ്പം എന്നിവ ഒരുക്കി വിളക്ക് കൊളുത്തി ശ്രീ ഭഗവതിയെ പ്രാര്‍ത്ഥിക്കുന്നതാണ് കര്‍ക്കിടക മാസത്തെ ആദ്യ ചടങ്ങ്.തുടര്‍ച്ചയായി പന്ത്രണ്ട് ദിവസം മുടങ്ങാതെ ശീപോതി വെക്കും.
ചില സ്ഥലങ്ങളില്‍ കര്‍ക്കിടം മുപ്പത്തി ഒന്ന് വരെയും ശീപോതി വെച്ച് പ്രാര്‍ത്ഥിക്കുന്ന പതിവ് ഉണ്ട്. തോരാതെ പെയ്യുന്ന മഴയും മഴക്കാറുമായി പ്രകൃതിയെ ഇരുട്ടിലേക്ക് വലിച്ചെറിയുന്ന കര്‍ക്കിടമാസത്തില്‍ തൊഴിലെടുക്കാന്‍ കഴിയാതെയും വിള സമൃദ്ധി ഇല്ലാതെയും മനുഷ്യജീവിതം ശരിക്കും പ്രയാസമനുഭവിക്കേണ്ടി വന്നിരുന്നു. അത് കൊണ്ട് തന്നെയാണ് ഈ മാസം പഞ്ഞ കര്‍ക്കിടമെന്ന പേരില്‍ അറിയപ്പെടുന്നത്. കൊല്ലവര്‍ഷത്തിന്റെ അവസാന മാസമായ കര്‍ക്കിടകത്തെ രാമായണ മാസമെന്നും വിളിക്കുന്നുണ്ട്.
കര്‍ക്കിടമാസത്തെ പ്രഥമ ദിനത്തില്‍ തന്നെ ഉമ്മറത്ത് ഒരുക്കുന്ന നിലവിളക്കിനു മുമ്പില്‍ പ്രായഭേദമെന്യേ കേരളീയര്‍ രാമായണ പാരായണം നടത്തുന്നു. അമ്പേറ്റു വീണ കിളിയെ കണ്ട് മനസ്സ് നൊന്തപ്പോള്‍ പിറന്ന മഹാകാവ്യമാണ് രാമായണം. ഇതിലെ ബാലകാണ്ഡത്തില്‍ തുടങ്ങി ഉത്തര കാ ണ്ഡം വരെ ഏഴു കാണ്ഡങ്ങളും കര്‍ക്കിടം ഒന്നു മുതല്‍ മുപ്പിത്തി ഒന്ന് വരെ വായിച്ചു തീര്‍ക്കുമ്പോള്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം .കര്‍ക്കിടമാസത്തെ മറ്റൊരു ആചാരമാണ് കലിയന്‍. ഇത് മിഥുനമാസം അവസാന ദിവസവും ചില സ്ഥലങ്ങളില്‍ കര്‍ക്കിടം ആരംഭത്തിലും ആചരിച്ചുവരുന്നു.
ചക്ക, ഈന്ത്, കപ്പ, തുടങ്ങി വിവിധ വിഭവങ്ങള്‍ നല്‍കി തൃപ്തിപ്പെടുത്തുക എന്ന ചടങ്ങാണ് ഇതിനുള്ളത്. പ്ലാവിലയില്‍ തീര്‍ത്ത പാളയും, വാഴയും ഈര്‍ക്കിലും ഉപയോഗിച്ച് ഉണ്ടാക്കുന്ന കോണി, കലപ്പ ,തൂമ്പ, കാള തുടങ്ങി വിവിധ രൂപങ്ങള്‍ നല്‍കി ചൂട്ട് കത്തിച്ച് 'കലിയാ കലിയാ കൂയ് ' എന്ന് ഉച്ചത്തില്‍ വിളിച്ചു കൊണ്ടാണ് കലിയനെ വരവേല്‍ക്കുന്നത്. സാധാരണയായി കുട്ടികളാണ് കൂടുതലും ഇത് ചെയ്യുന്നത്. വരുതിയുടെ പഞ്ഞമാസത്തില്‍ കലിയന്‍ പത്തായം നിറക്കുമെന്നാണ് വിശ്വാസം .ഇത് തലമുറകളായി ഇന്നും തുsര്‍ന്ന് കൊണ്ടിരിക്കുന്നു.
ആകുലതകളും വ്യാതികളും അകറ്റി ഐശ്യര്യം ചൊരിയാന്‍ വീടുകള്‍ തോറും കയറി ഇറങ്ങുന്ന മറ്റൊരു സങ്കല്‍പ്പമാണ് കര്‍ക്കിടകത്തിലെ ആടിവേടന്‍ തെയ്യം കര്‍ക്കിട സംക്രമം തൊട്ട് പതിനാറ് നാള്‍ ആടിവേടന്‍മാര്‍ ഐശ്യര്യം വരുത്താനായി വീടുകള്‍ തോറും കയറി ഇറങ്ങും വീട്ടുമുറ്റത്ത് വിളക്ക് കത്തിച്ച് നിറപറ യോടൊപ്പം തയ്യാറാക്കിയ ഗുരുതി വെള്ളം തെക്കോട്ട് ഒഴിക്കുമ്പോള്‍ വീട്ടുകാരുടെ എല്ലാ' കഷ്ടതകളും മാറി ഐശ്യര്യം എത്തുമെന്നാണ് വിശ്വാസം .കുട്ടികളാണ് ഈ തെയ്യം കെട്ടുന്നത്.മലയന്‍ ,മണ്ണാന്‍ സമുദായത്തില്‍ പെട്ടവര്‍ മാത്രം കെട്ടാറുള്ള ഈ കുട്ടി തെയ്യത്തിന്റെ അടിസ്ഥാനം പാര്‍വ്വതിയും പരമശിവനുമാണ്. പാശുപതാസ്ത്രത്തിനായി തപസ്സ് അനുഷ്ഠിച്ച അര്‍ജുനനെ പരീക്ഷിക്കാന്‍ ശിവന്‍ വേടനായും പാര്‍വ്വതി ആടിയായും ഭൂമിയിലെത്തി എന്നാണ് ഇതിനു പിന്നിലുള്ള ഐതിഹ്യം.
കര്‍ക്കിടകത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ് കര്‍ക്കിടക വാവുബലി. പിതൃക്കള്‍ക്ക് ബലി നല്‍കി തൃപ്തിവരുത്തുക എന്നതാണ് ഇതിനു പിന്നിലുള്ള വിശ്വാസം .കര്‍ക്കിടവാവിന് ചന്ദ്രന്‍ സ്വക്ഷേത്രമായ കര്‍ക്കിടക രാശിയില്‍ എത്തുമ്പോള്‍ സൂര്യനും അതെ രാശിയില്‍ തന്നെ എത്തുന്നു. കറത്തവാവിന് ബലി അനുഷ്ഠിക്കുമ്പോള്‍ ചന്ദ്ര മണ്ഡലത്തില്‍ നിന്ന് പിതൃക്കള്‍ അവരുടെ കുടുംബങ്ങളെ വീക്ഷിക്കുന്നു എന്നാണ് ഇതിലെ വിശ്വാസം .കര്‍ക്കിടം മുതല്‍ ആറു മാസമാണ് ദക്ഷിണായനമായി കണക്കാക്കുന്നത്.
മകരം മുതലുള്ള ആറു മാസത്തെ ഉത്തരായനമായും കണക്കാക്കുന്നു. പിതൃക്കള്‍ക്ക് പകല്‍ ദക്ഷിണായവും രാത്രി ഉത്തരായണവുമാണ്.പി തൃക്കള്‍ക്ക് ദക്ഷിണായനം പ്രാധാന്യമായത് കൊണ്ട് ദക്ഷിണായനത്തിലെ ആദ്യ കറുത്തവാവാണ് കര്‍ക്കിടകത്തിലെ കറുത്തവാവ് .ഈ ദിവസം പിതൃക്കള്‍ ഉണര്‍ന്നിരിക്കും. അതു കൊണ്ട് അന്ന് ആഹാരമെത്തിച്ചു കൊടുക്കുന്നു എന്നാണ് കര്‍ക്കിടകത്തിലെ വാവുബലി കൊണ്ട് ഉദ്ദേശിക്കുന്നത്. ഔഷധങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സമയം കൂടിയാണ് കര്‍ക്കിടകം. അതു കൊണ്ട് തന്നെ പണ്ടുള്ളവര്‍ ഈക്കാലത്ത് പ്രത്യേക ഭക്ഷണ രീതി തന്നെ തുടര്‍ന്നിരുന്നു. അതിലൊന്നാണ് പത്തില വെക്കല്‍. താള്, ചേമ്പ്, ചേന,തവര, ആനക്കൊടിതുവ്വ, കുമ്പളം, മത്തന്‍, വെള്ളരി, നെയ്യുണ്ണി, ചീര തുടങ്ങിയ ചെടികളുടെ മൂപ്പെത്താത്ത ഇലകള്‍ ചെറുതായി നുറുക്കി ചിരവിയതേങ്ങയും മറ്റു ചേരുവകളും ചേര്‍ത്ത് കറി വെക്കുന്നതാണ് പത്തില കറി.
ശരീരത്തിന് ഊര്‍ജ്ജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ആര്‍ജിക്കാന്‍ കര്‍ക്കിടകത്തില്‍ പഴമക്കാര്‍ ഇത് സേവിച്ചിരുന്നു.അതുപോലെ കര്‍ക്കിടകത്തിലെ ഭക്ഷണത്തില്‍ സ്ഥാനം പിടിച്ചിരുന്ന ഔഷധ ഗുണമുള്ള ഒന്നാണ് ഉലുവ കഞ്ഞി ഉലുവ, ഉണങ്ങലരി, ശര്‍ക്കര, തേങ്ങ, എന്നിവ കൊണ്ട് ഉണ്ടാക്കുന്ന ഉലുവ കഞ്ഞിക്ക് കര്‍ക്കിട ഭക്ഷണത്തില്‍ വലിയ സ്ഥാനം കല്‍പ്പിച്ചിരുന്നു പഴമക്കാര്‍ ഉലുവക്കഞ്ഞിക്ക് പുറമെ ഔഷധകഞ്ഞിയും കര്‍ക്കിടകത്തില്‍ സേവിക്കുന്നത് പതിവായിരുന്നു ഇരുപതില്‍ കൂടുതല്‍ ധാന്യങ്ങള്‍ ചേര്‍ന്നതാണ് ഔഷധകഞ്ഞി.
ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടകത്തില്‍ മരുന്ന് സേവിച്ചാല്‍ കല്‍പ്പാന്തം സസുഖമെന്നാണ് പഴമൊഴി.അതിജീവനത്തിന് ശരീരത്തെ പാകപ്പെടുത്തുന്ന മാസമായതിനാലാകാം ആയൂര്‍വേദത്തില്‍ കര്‍ക്കിടകത്തെ വിസര്‍ ഗ്ഗകാലമായി കണക്കാക്കുന്നത്.കര്‍ക്കിടക മഴയുടെ കുത്തൊഴുക്കില്‍ നടവഴികളും ഇടവഴികളും തോടും കുളവുമെല്ലാം നിറഞ്ഞു കവിഞ്ഞൊഴുകുന്ന നാളുകള്‍ ഇനി ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടങ്കിലും .ഈ സംസ്‌ക്കാരത്തെ നെഞ്ചോട് ചേര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഓരോ മലയാളിയും.
Marking culture in the flow of time, Karkidakam