പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് പുത്തൂക്കടവ്, പരപ്പ് വയല്‍ പാടശേഖരങ്ങളില്‍ തീപിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്.

നാലേക്കറോളം വരുന്ന സ്ഥലത്തെ അടിക്കാടുകളും ഉണക്ക പുല്ലുകളും തീപിടിച്ച് സമീപത്തെ വീടുകളിലേക്ക് രൂക്ഷമായ പുകശല്യം അനുഭവപ്പെട്ടപ്പോഴാണ് തീപിടിച്ച വിവരം നാട്ടുകാര്‍ അറിഞ്ഞത്. കൊയ്ത്ത് കഴിഞ്ഞ് ഉണങ്ങിയ പുല്ലിന് ആരോ തീ ഇട്ടതാണ് തീ പടരാന്‍ കാരണമെന്ന് പറയുന്നു.
ഉടന്‍ തന്നെ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ വിവരം അറിയിച്ചു. ഇതിനേ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെയും നേതൃത്വത്തില്‍ ഒരു യൂണിറ്റ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.
ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ പകല്‍ സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ തീയിടുന്നത് വളരെ അപകടകരമാണെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ പി. സജിത്ത്, കെ.പി വിപിന്‍, ആര്‍ ജിനേഷ്, ബി. അശ്വിന്‍, ഹോം ഗാര്‍ഡ് മുരളീധരന്‍ എന്നിവരും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Fire breaks out in the Muipothu Puthukkadavu-Parappu paddy fields